കണ്ണൂര്‍: കൂത്തുപറമ്പ് സമരനായകന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് ആയിരങ്ങള്‍. തലശ്ശേരി ടൗണ്‍ഹാളില്‍ നിരവധി നേതാക്കളാണ് പുഷ്പനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. കൃത്യം എട്ട് മണിക്ക് തന്നെ കോഴിക്കോട് നിന്നുള്ള വിലാപയാത്ര ആരംഭിച്ചിരുന്നു. പ്രത്യേക പോയിന്റുകളിലാണ് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സൗകര്യമൊരുക്കിയിരുന്നത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് വഴിയരികില്‍ കാത്തുനിന്ന് യാത്രാമൊഴി നല്‍കിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെയായിരുന്നു പുഷ്പന്റെ അന്ത്യം.
മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്. 1994 നവംബര്‍ 25 കേരള ജനതയ്ക്ക്, പ്രത്യേകിച്ച് കൂത്തുപറമ്പുകാര്‍ക്ക് മറക്കാന്‍ പറ്റാത്ത ദിനമായിരുന്നു. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടയിലേക്ക് പൊലീസ് നടത്തിയ വെടിവെപ്പില്‍ സുഷുമ്‌നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍.
Also Read: കൂത്തുപറമ്പ് സമരനായകൻ പുഷ്പന്‍റെ സംസ്കാരം ഇന്ന്; ടൗൺഹാളിൽ പൊതുദർശനം
ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു ജീവിതം. ഓരോതവണയും മരണത്തെ മുഖാമുഖം കണ്ട പുഷ്പന്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നിരുന്നു. കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങള്‍ അധിക്ഷേപിച്ച സന്ദര്‍ഭങ്ങളിലെല്ലാം പുഷ്പന്‍ പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി.