ഡല്‍ഹി: പങ്കാളിയെ പേടിപ്പിക്കാന്‍ ആത്മഹത്യാ ഭീഷണി മുഴക്കി റെയില്‍വെ ട്രാക്കില്‍ ഇറങ്ങി നിന്ന യുവതിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. ആഗ്ര സ്വദേശിയായ റാണിയാണ് ട്രെയിന്‍ തട്ടി മരിച്ചത്. ആഗ്രയിലെ രാജാ കി മണ്ഡി റെയില്‍വെ സ്റ്റേഷനിലായിരുന്നു അപകടം. ലിവ് ഇന്‍ പങ്കാളി കിഷോറുമായി വഴക്കിട്ടാണ് റാണി സ്റ്റേഷനിലെത്തിയത്. ആത്മഹത്യാ ഭീഷണി മുഴക്കി ട്രാക്കിലേക്ക് ഇറങ്ങിയപ്പോഴാണ് ട്രയിന്‍ പാഞ്ഞെത്തിയത്. ഉടന്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി ട്രാക്കിലേക്ക് വീണു. ഗുരുതര പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കഴിഞ്ഞ ഒരു വര്‍ഷമായി കിഷോറും റാണിയും ഒരുമിച്ചാണ് താമസം. കിഷോറിന്റെ നിരന്തരമായുള്ള മദ്യാപനത്തെ തുടര്‍ന്ന് ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. അപകടം നടന്ന ദിവസം കിഷോര്‍ മദ്യപിച്ചാണ് വീട്ടിലെത്തിയത്. പിന്നാലെ ഇരുവരും തമ്മില്‍ വഴക്കായി. ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് ആരോപിച്ച റാണി വീട് വിട്ടിറങ്ങി. റാണി നേരെ ആഗ്ര രാജാ കി മണ്ഡി റെയില്‍വെ സ്റ്റേഷനിലേക്കാണ് റാണി പോയത്. കിഷോറും ഇവിടെയെത്തി. പ്ലാറ്റ്‌ഫോമില്‍ വച്ചും ഇരുവരും തമ്മില്‍ വഴക്ക് തുടര്‍ന്നു. പിന്നാലെ കിഷോറിനെ ഭയപ്പെടുത്താന്‍ റാണി ട്രാക്കിലേക്ക് എടുത്തുചാടുകയായിരുന്നു. ഉടനെ തന്നെ ട്രെയിന്‍ വരികയും റാണിയെ ഇടിക്കുകയും ചെയ്തു.
റാണിയുടെ ആദ്യഭര്‍ത്താവ് മദ്യപാനത്തെ തുടര്‍ന്നാണ് മരിച്ചതെന്നും ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്ന് മക്കളുണ്ടെന്നും കിഷോര്‍ പൊലീസിന് മൊഴി നല്‍കി. രണ്ട് മക്കള്‍ ഇവര്‍ക്കൊപ്പമാണ് താമസം. യുവതിയുടെ മരണത്തില്‍ ഇതുവരെ പരാതി ലഭിച്ചില്ലെന്നും മരണത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചെന്നും പൊലീസ് വ്യക്തമാക്കി.