ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ അമിത് ദിഗ്വേക്കർ, കെ ടി നവീൻ കുമാർ, എച്ച് എൽ സുരേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കലബുറഗി ബെഞ്ചിലെ ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടിയാണ് ഉത്തരവിട്ടത്. 2023 ഡിസംബറിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സഹപ്രതി മോഹൻ നായക്കിൻ്റെ കേസ് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളും ജാമ്യത്തിന് അപേക്ഷിച്ചത്. കേസിൽ കഴിഞ്ഞ 6 വർഷമായി ജയിലിൽ കഴിയുകയാണ് പ്രതികൾ.
2017സെപ്തംബര്‍ 5ന് ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ ബൈക്കിലെത്തിയ രണ്ട് പേർ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍വെച്ചാണ് വെടിവെച്ചിട്ടത്. ഗൗരി ലങ്കേഷിന്റെ കൊലപാതകം വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഗൗരി ലങ്കേഷ് ഹിന്ദുത്വത്തിനും ചങ്ങാത്ത മുതലാളിത്തത്തിനും ജാതീയതയ്ക്കും എതിരെ നിരന്തരം എഴുതിയ മാധ്യമ പ്രവര്‍ത്തകയായിരുന്നുവെന്നത് കൊണ്ടു തന്നെയായിരുന്നു ഇതിന് കാരണം. ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി തുടങ്ങി പിന്നീട് സണ്‍ഡേ മാഗസിനിലും പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഗൗരി കന്നഡ ടെലിവിഷന്‍ മാധ്യമത്തിലേക്ക് വരുന്നത്.