CMDRF

പകർച്ചവ്യാധി ബാധിച്ച് 3 മരണം; സംസ്ഥാനത്ത് 6 പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

പകർച്ചവ്യാധി ബാധിച്ച് 3 മരണം; സംസ്ഥാനത്ത് 6 പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു
പകർച്ചവ്യാധി ബാധിച്ച് 3 മരണം; സംസ്ഥാനത്ത് 6 പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ പകര്‍ച്ചവ്യാധി ബാധിച്ചു മരിച്ചു. എലിപ്പനി ബാധിച്ചാണ് രണ്ടു പേര്‍ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചാണ് ഒരാൾ മരിച്ചത്. 13000-ല്‍ അധികം പേര്‍ക്കാണ് ഇന്ന് പനി ബാധിച്ചത്. 145 പേര്‍ക്ക് ഡെങ്കിപ്പനിയും പത്തു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറു പേർക്കുകൂടി കോളറ സ്ഥിരീകരിച്ചു.

നെയ്യാറ്റിന്‍കര തവരവിളയിലെ കാരുണ്യ മിഷന്‍ ചാരിറ്റബിള്‍ സ്‌കൂള്‍ സൊസൈറ്റിയുടെ ഹോസ്റ്റലിലെ കൂടുതല്‍ പേര്‍ക്കു കോളറ ബാധ സ്ഥിരീകരിച്ചിട്ടും രോഗത്തിന്റെ ഉറവിടം ഇതുവരെയും ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. ഭിന്നശേഷിക്കാര്‍ക്കുള്ള ഈ സ്ഥാപനത്തില്‍ 64 പേരാണ് താമസിച്ചിരുന്നത്. 14 പേരെ രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്.

വീടുകളിലേക്കു മാറ്റിയ അഞ്ച് അന്തേവാസികള്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇവരെ ഐരാണിമുട്ടത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കിണറ്റില്‍നിന്നും കുഴല്‍കിണറില്‍നിന്നുമാണ് സ്ഥാപനത്തില്‍ വെള്ളം ഉപയോഗിച്ചിരുന്നത്. വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനാല്‍ അതുവഴി പടരാന്‍ സാധ്യതയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ആരോഗ്യവകുപ്പ് വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിക്കാന്‍ കഴിയൂ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിരീക്ഷണ കേന്ദ്രത്തിലുമായി കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

മെഡിക്കല്‍ കോളജ്, എസ്എടി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നിലയില്‍ പുരോഗതിയുണ്ട്. ഹോസ്റ്റലിലെ അന്തേവാസിയായ വിതുര തൊളിക്കോട് മലയടി മുളമൂട്ടില്‍ വീട്ടില്‍ അനു (26) ഛര്‍ദിയും വയറിളക്കവും ബാധിച്ചു വെള്ളിയാഴ്ച മരിച്ചിരുന്നു.

തുടര്‍ന്ന് എസ്എടിയില്‍ പ്രവേശിപ്പിച്ച 10 വയസുകാരനിലാണ് ആദ്യം കോളറ കണ്ടെത്തിയത്. സൊസൈറ്റി ഹോസ്റ്റലില്‍ ആരോഗ്യ വകുപ്പിന്റെ സംഘമെത്തി ക്ലോറിനേഷന്‍ നടത്തി.പൊട്ടിക്കിടന്ന ശുചിമുറി അറ്റകുറ്റപ്പണി നടത്താനും മീന്‍കുളം വൃത്തിയാക്കാനും നിര്‍ദേശം നല്‍കി. ഹോസ്റ്റലില്‍ ആദ്യമായാണു രോഗബാധ ഉണ്ടാകുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

Top