റാബിഗ്: കൈക്കൂലി വാങ്ങിയ മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍. റാബിഗിലെ കിങ് അബ്ദുല്ല തുറമുഖത്തെ സകാത്ത്-ടാക്‌സ്-കസ്റ്റംസ് അതോറിറ്റിയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ആറ് വിദേശി താമസക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയെതിയനാണ് കേസെന്ന് കണ്‍ട്രോള്‍ ആന്‍ഡ് ആന്റി കറപ്ഷന്‍ കമ്മീഷൻ (നസഹ) വ്യക്തമാക്കി.
കൈക്കൂലിയായി മൊത്തം 2,232,000 റിയാല്‍ മൂവരും കൂടി കൈപ്പറ്റിയെന്നാണ് കേസ്. കൂടാതെ നിയന്ത്രിത പെട്രോളിയം ഉല്‍പന്നങ്ങളുടെ (ഡീസല്‍) 372 ഷിപ്പിങ് കണ്ടെയ്നറുകള്‍ കടത്തുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ഇതിനായി വാണിജ്യ സ്ഥാപനങ്ങളുടെ പേരുകള്‍ വ്യാജമായി ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കിയ പ്രതികള്‍ ഇതിന് പ്രതിഫലമായി പല ഗഡുക്കളായി പണം കൈപ്പറ്റിയെന്നാണ് കുറ്റപത്രം. കൈക്കൂലി നല്‍കിയ വിദേശികള്‍ക്കെതിരെയും നിയമനടപടികളും അന്വേഷണവും തുടരുകയാണ്.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നസഹ തുടരുന്നതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ കമ്മീഷന്റെ മുമ്പിലെത്തിയ നിരവധി ക്രിമിനല്‍, സിവില്‍ കേസുകളുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. അധികാര ദുര്‍വിനിയോഗം, അഴിമതി എന്നിവയെ കുറിച്ച് അറിവുള്ളവര്‍ 980 എന്ന ടോള്‍ ഫ്രീ നമ്പറിലോ 01144 20057 എന്ന ഫാക്‌സ് നമ്പറിലോ സമൂഹ മാധ്യമ അകൗണ്ടുകള്‍ വഴിയോ അറിയിക്കാന്‍ ‘നസഹ’ വൃത്തങ്ങള്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.