കൊളത്തൂര്‍: കാറിലും ബൈക്കിലുമെത്തി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേര്‍ കൊളത്തൂര്‍ പൊലീസിന്റെ പിടിയില്‍. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങല്‍ ഷെബിന്‍ വര്‍ഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിന്‍ഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തന്‍വീട്ടില്‍ അബ്ദുല്‍ വദൂദ് (26) എന്നിവരാണ് 5.820 ഗ്രാം സിന്തറ്റിക് ലഹരി മരുന്നുമായി പിടിയിലായത്.
രാത്രിസമയത്ത് ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. സംഘത്തിലെ മുഖ്യകണ്ണികളെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി സാജു കെ. എബ്രഹാം, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി 11 ഓടെ നടത്തിയ പരിശോധനയിലാണ് അറസ്റ്റ് . കൊളത്തൂര്‍ എസ്.ഐ രാജേഷ്, സി.പി.ഒ മാരായ അഭിജിത്, നിധിന്, സഫര്‍ അലിഖാന് എന്നിവരും ജില്ല ആന്റി നര്‍ക്കോട്ടിക് സ്ക്വാഡുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.