കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ ഇന്ന് തൃശൂർ മാജിക് എഫ്.സി ഇറങ്ങുന്നു. കരുത്തരായ കാലിക്കറ്റ് എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിൽ രാത്രി 7.30നാണ് മത്സരം. ഒരു പോയന്റ് മാത്രം നേടി പട്ടികയിൽ ആറാംസ്ഥാനത്താണ് തൃശൂർ മാജിക് ടീം. കാലിക്കറ്റ് എഫ്.സി അഞ്ചു പോയന്റുമായി ഒന്നാമതും. സൂപ്പർ ലീഗ് കേരളയിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ കൊമ്പന്മാർക്കുപോലും സമനില മാത്രമാണ് കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയം നൽകിയത്. ചൊവ്വാഴ്ചത്തെ മത്സരത്തിന്റെ വിധിയെഴുത്ത് മറ്റൊന്നാകാനാണ് സാധ്യത.
കരുത്തരായ തിരുവനന്തപുരം കൊമ്പൻസിനോടും കൊച്ചി ഫോഴ്സയോടും സമനില പിടിച്ചതിന്റെയും മലപ്പുറം എഫ്.സിയോട് ഏകപക്ഷീയമായ മൂന്നു ഗോളിന് നേടിയ വിജയത്തിന്റെയും ആത്മവിശ്വാസത്തിലാണ് കാലിക്കറ്റ് എഫ്.സി ഇന്ന് ഇറങ്ങുക. ഒരു ഗോളും നൽകാതെ മലപ്പുറത്തിനോട് സമനില വഴങ്ങിയെങ്കിലും തിരുവനന്തപുരം കൊമ്പൻസിനോട് 2-0നും കണ്ണൂർ എഫ്.സിയോട് 1-2 നും പരാജയപ്പെട്ടതിന്റെ ആഘാതം കുറക്കലാണ് തൃശൂർ മാജിക്കിന് ലക്ഷ്യം.
വിനീത് ചെക്കിയോട്ട്, ഘോഷ് സൻജിബാൻ, ജോർജ് ജെസ്റ്റിൻ, അന്റോണ ഹെന്റി, ആൽവ്സ് ബരീറോ, അപാരെസിഡോ ടോസ്കനോ, ആദിൽ പി, വൈ. ദാനി, സിൽവ ഡെ, എം. മോഹനൻ, അറ്റിമെലേ, ഹക്ക്, സഫ്നാദ് എന്നിവർ ആദ്യ ലൈനപ്പിൽ ഇടംപിടിച്ചാൽ മികച്ച കളിയാകും പിടിച്ചുനിൽക്കാൻ കാലിക്കറ്റ് എഫ്.സിക്ക് പുറത്തെടുക്കേണ്ടിവരുക. ഗോൾ കീപ്പർ വിശാൽ ജൂൺ, പ്രതിരോധനിരയിലെ റിച്ചാർഡ് ഒസേയ, ബെൽഫോർട്ട്, ഹക്കു, മുഹമ്മദ് റിയാസ്, മുഹമ്മദ് അഷ്റഫ്, പാപേ, ഫോർവേഡുകളായ ഗനി അഹ്മ്മദ്, ക്യാപ്റ്റൻ ജിജോ ജോസഫ്, ഖാൻഗേബാം സിങ്, ബ്രിറ്റോ എന്നിവർ കാലിക്കറ്റ് എഫ്.സിയുടെ ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും.