തൃശൂര്‍ പൂരം: എം എസ് സന്തോഷിന്റെ സസ്പെൻഷന് എതിരെ വിവരാവകാശ കമ്മീഷന് പരാതി

നിയമത്തിന്റെ 18ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാന്‍ വിവരാവകാശ കമ്മിഷന് മാത്രമേ അധികാരമുള്ളൂ

തൃശൂര്‍ പൂരം: എം എസ് സന്തോഷിന്റെ സസ്പെൻഷന് എതിരെ വിവരാവകാശ കമ്മീഷന് പരാതി
തൃശൂര്‍ പൂരം: എം എസ് സന്തോഷിന്റെ സസ്പെൻഷന് എതിരെ വിവരാവകാശ കമ്മീഷന് പരാതി

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന്റെ അന്വേഷണത്തെക്കുറിച്ചുള്ള അപേക്ഷയ്ക്കു മറുപടി നല്‍കിയ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം.എസ്.സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ വിവരാവകാശ കമ്മിഷന് പരാതി.

ആര്‍ടിഐ കേരള ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ജോളി പാവേലില്‍ ആണ് പരാതി നല്‍കിയത്. 2005ലെ വിവരാവകാശ നിയമം ലംഘിച്ചാണ് സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും നടപടി നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് തടസ്സമാകുമെന്നും പരാതിയില്‍ പറയുന്നു.നിയമത്തിലെ 19, 21 വകുപ്പുകള്‍ ഉദ്യോഗസ്ഥര്‍ക്കു പരിരക്ഷ നല്‍കുന്നതാണ്.

Also Read: പൂരം വിവാദത്തിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ

ഇതു ലംഘിച്ച് വിവരാവകാശ കമ്മിഷന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടപടിയുണ്ടായിരിക്കുന്നത്. നിയമത്തിന്റെ 18ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാന്‍ വിവരാവകാശ കമ്മിഷന് മാത്രമേ അധികാരമുള്ളൂ. സസ്‌പെന്‍ഷന്‍ അന്യായമാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം 20നാണ് എം.എസ്.സന്തോഷിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. തൃശൂര്‍ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

Top