CMDRF

തൃശ്ശൂർ പൂരം; ആളപായം വരുത്തിയിട്ടുള്ള ആനകൾക്ക് എഴുന്നള്ളിപ്പിന് അനുവാദമില്ല

തൃശ്ശൂർ പൂരം; ആളപായം വരുത്തിയിട്ടുള്ള ആനകൾക്ക് എഴുന്നള്ളിപ്പിന് അനുവാദമില്ല
തൃശ്ശൂർ പൂരം; ആളപായം വരുത്തിയിട്ടുള്ള ആനകൾക്ക് എഴുന്നള്ളിപ്പിന് അനുവാദമില്ല

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീക്ക് പ്രത്യേക ഉത്തരവിറക്കി. ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ പാടില്ല. എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ ഭീഷണിയായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങളിൽ വെടിക്കെട്ട് കാണാൻ ആളുകളെ പ്രവേശിപ്പിക്കരുത്.

ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ സംബന്ധിച്ച് കോടതിവിധികളും സർക്കാർ ഉത്തരവുകളും പാലിക്കണം. ഘടകപൂരങ്ങൾ സമയക്രമം പാലിക്കണം. പൂരം സംഘാടകർ, ആനയുടമകൾ, പാപ്പാന്മാർ, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കുള്ളതാണ് പ്രത്യേക ഉത്തരവ്. മുൻ വർഷങ്ങളിലേതുപോലെ ഡ്രോൺ, ഹെലിക്യാം എന്നിവയ്ക്ക് നിരോധനമുണ്ട്.

ആനകളുടെയും മറ്റും കാഴ്ചകൾ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ, ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും പൂർണമായും നിരോധിച്ചു. 17 മുതൽ 20 വരെയാണ് നിരോധനം.

17-ന് വൈകീട്ടാണ് സാമ്പിൾ വെടിക്കെട്ട് നടക്കുക. 18-ന് തൃശ്ശൂർ പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരനട തുറന്നിടും. പൂരദിവസമായ 19-ന് പുലർച്ചെമുതൽ ഘടകക്ഷേത്രങ്ങളിൽനിന്നുള്ള എഴുന്നള്ളിപ്പുകൾ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങി നിരവധി വിസ്മയങ്ങൾ അരങ്ങേറും. 20-ന് പുലർച്ചെ പ്രധാന വെടിക്കെട്ട് നടക്കും. ഉച്ചയോടെ നടക്കുന്ന ഉപചാരത്തോടെ പൂരം പൂർണമാകും.

Top