ജനപ്രിയ ബജറ്റില്‍ കേരളമെവിടെ…? രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കാര്യമില്ല. കേരളത്തില്‍ നിന്നും രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒരു ഗുണവും ഇല്ല. സുരേഷ് ഗോപി കൊണ്ടുവരുമെന്ന് അവകാശപ്പെട്ട എയിംസ് ഈ ബജറ്റിലും അനുവദിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനും കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും ഒന്നാന്തരം പ്രഹരമാണ് കേന്ദ്ര നേതൃത്വം ബജറ്റിലൂടെ നല്‍കിയിരിക്കുന്നത്. വലിയ പ്രതീക്ഷയില്‍ തൃശൂരില്‍ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തവരും ഇതോടെ കടുത്ത നിരാശയിലാണ്.
കേന്ദ്രത്തെ മുന്നില്‍ കണ്ട് വമ്പന്‍ പദ്ധതികള്‍ക്കുള്ള മുന്നൊരുക്കമാണ് കേരളം നടത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് പ്രത്യേക സാമ്പത്തിക സഹായമൊന്നും സംസ്ഥാനത്തിന് ലഭിച്ചില്ല. ഭരണം താങ്ങി നിര്‍ത്തുന്ന ചില പ്രത്യേക സംസ്ഥാനങ്ങള്‍ക്ക് മാത്രം കൂടുതല്‍ പരിഗണനയും വാഗ്ദാനങ്ങളും വാരികോരി നല്‍കാന്‍ മറക്കാതിരുന്ന മോദി സര്‍ക്കാര്‍ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചില്ല. 24,000 കോടിയുടെ സാമ്പത്തിക പാക്കേജുകളടക്കം കേരളം സ്വപ്നം കണ്ട പല പദ്ധതികളും വെള്ളത്തിലായി. രണ്ട് കേന്ദ്രമന്ത്രിമാരെ കേരളത്തിന് സമ്മാനിച്ചെങ്കിലും തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരിപ്പിച്ച് ചരിത്രം കുറിക്കാനെത്തിയ ധനമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തിന്റെ പേരുപോലും ബജറ്റില്‍ മറന്ന അവസ്ഥയായിരുന്നു.
ബിജെപി ഭരണത്തില്‍ മുന്‍കാലങ്ങളിലും കേരളം അവഗണിക്കപ്പെടുക പതിവായിരുന്നു. അന്നെല്ലാം കേരളത്തില്‍ നിന്നും ഒരു ബിജെപി പ്രതിനിധിയെ പാര്‍ലമെന്റിലേക്ക് അയക്കാത്ത കേരളത്തെ എന്തിന് പരിഗണിക്കണം എന്നതായിരുന്നു കേന്ദ്ര നിലപാട്. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്ന് ഒരു എംപിയെ തന്നാല്‍ സംസ്ഥാനത്തെ വികസന ചിറകിലേറ്റുമെന്നായിരുന്നു എന്‍ഡിഎ നേതാക്കള്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കുറി ചരിത്രത്തില്‍ ആദ്യമായി തൃശൂരില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുകയും മറ്റൊരു മന്ത്രിയെ കൂടി ലഭിക്കുകയും ചെയ്തിട്ടും കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് പുല്ലുവിലയാണ് കേന്ദ്രം നല്‍കിയത്. സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ കാര്യമായ ഒരു പാക്കേജ് കേരളം പ്രതീക്ഷിച്ചിരുന്നു. ദീര്‍ഘകാല ആവശ്യമായ എയിംസും, ടൂറിസവും എല്ലാം വീണ്ടും അവഗണനയുടെ പട്ടികയിലേക്ക് തന്നെ തള്ളപ്പെട്ടപ്പോള്‍ തലശ്ശേരി -മൈസൂര്‍, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതകള്‍ ഉള്‍പ്പെടെ കേരളം കാത്തിരുന്ന പല പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളിലൊതുങ്ങി. രണ്ട് പ്രളയത്തെ നേരിട്ട കേരളത്ത പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള പട്ടികയില്‍ പോലും പരിഗണിച്ചില്ല. അസം, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം നല്‍കിയിരിക്കുന്നത്.
കാലാകാലങ്ങളായി എയിംസിന്റെ പേര് അവശ്യപട്ടികയില്‍ ഉയര്‍ന്നു നിന്നപ്പോള്‍ അത് തങ്ങളിലൂടെ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്ന് ബിജെപി നേതാക്കളും അവകാശപ്പെട്ടിരുന്നു. 2014 ല്‍ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് കേന്ദ്രം പിന്നീട് സൗകര്യപൂര്‍വം മറക്കുകയായിരുന്നു. 2022 ഏപ്രിലില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് എയിംസ് അനുവദിക്കാന്‍ ധനമന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണന നല്‍കിയപ്പോള്‍ കേരളത്തെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ ധനമന്ത്രി ശ്രമിച്ചില്ലെന്ന വിമര്‍ശനം ബജറ്റിന് പിന്നാലെ വ്യാപകമാണ്.
ബജറ്റില്‍ കേരളത്തിന് വകയിരുത്തുകയല്ല കേരളത്തെ വകവരുത്തുകയാണ് കേന്ദ്രം ചെയ്തതെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ബജറ്റിനെ കുറിച്ച് പ്രതികരിച്ചത്. രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കേരളം വലിയരീതിയില്‍ അവഗണിക്കപ്പെട്ടതായി സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തോട് കാണിച്ചത് ഇതുവരെ ഒരു ബജറ്റിലും കാണിക്കാത്ത അത്ര അവഗണനയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും വലിയ പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്ന കേരളത്തിന് അങ്ങേയറ്റം നിരാശയാണ് ഉണ്ടായിരിക്കുന്നതെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ ആക്ഷേപം സാധൂകരിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചതെന്നും സങ്കുചിത രാഷ്ട്രീയ താല്പര്യമാണ് ബജറ്റിന് പിന്നിലെന്നും ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ബജറ്റില്‍ കേരളത്തെ സമ്പൂര്‍ണമായും അവഹേളിച്ചതിനൊപ്പം റബര്‍ കര്‍ഷകരും അവഗണിക്കപ്പെട്ടതായി പത്തനംതിട്ട എംപി ആന്റോ ആന്റണിയും പ്രതികരിച്ചു. കേരളത്തില്‍ വികസനം വരണമെങ്കില്‍ ഒരു നിതീഷ് കുമാറോ, നായിഡുവോ വേണമെന്നും മറിച്ച് സുരേഷ് ഗോപിക്കോ ജോര്‍ജ് കുര്യനോ ഒന്നും കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു. ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞതുപോലെ കേരളത്തില്‍ എയിംസ് വന്നിരിക്കുമെന്നാണ് ബജറ്റിലെ അവഗണനയോട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം.
24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ ചെലവിട്ട 6,000 കോടിക്ക് തുല്യതുക ഉപാധിരഹിത കടമായി അനുവദിക്കുക, നികുതി വിഹിതം പുനര്‍നിര്‍ണയിക്കുക, കടമെടുപ്പ് പരിധി മൂന്നരശതമാനമാക്കി ഉയര്‍ത്തുക, എയിംസ്, കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിക്കുക, സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ വിഹിതം ഉയര്‍ത്തുക, വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടിയുടെ പാക്കേജ്, വയനാട് തുരങ്കപാതയുടെ നിര്‍മാണം തുടങ്ങിയവയായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍. അതിവേഗ റെയില്‍ പദ്ധതി കേരളത്തിലേക്ക് ഉണ്ടാകുമെന്ന സൂചനകള്‍ നേരത്തെ വന്നിരുന്നെങ്കിലും അതിനും നടപടിയില്ല. വ്യാവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തിലും സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ഏറെ നിരാശാജനകമാണ്.
EXPRESS VIEW