ചെന്നൈ: തിരുച്ചെന്തൂർ ക്ഷേത്രത്തിൽ പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്ന പിടിയാന ദേവനൈയെ പ്രത്യേക പരിപാലന കേന്ദ്രത്തിലേക്കു മാറ്റാൻ തീരുമാനം. ആനയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്നു വെറ്റിനറി വകുപ്പ് സോണൽ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ആന സാധാരണ നിലയിലാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
എങ്കിലും കൂടുതൽ പരിപാലനത്തിനായാണ് മറ്റൊരിടത്തേക്കു മാറ്റുന്നത്. ആനക്കൊട്ടിലിനു സമീപത്തേക്ക് പോകാൻ ഭക്തർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയുണ്ടായ ആക്രമണത്തിൽ പാപ്പാൻ ഉദയകുമാറും ഇയാളുടെ ബന്ധുവായ ശിശുപാലനുമാണു മരിച്ചത്.
പഴവുമായി അടുത്തെത്തിയ ശിശുപാലൻ, ആനയ്ക്കു പഴം നൽകിയ ശേഷം തുടർച്ചയായി സെൽഫിയെടുത്തു. തുമ്പിക്കൈയിൽ ചുംബിക്കുന്ന ചിത്രമെടുക്കുമ്പോൾ ആന ചുഴറ്റി നിലത്തടിക്കുകയായിരുന്നു. ശിശുപാലന്റെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയ ഉദയകുമാറിനെയും ആന അടിച്ചുവീഴ്ത്തി ചവിട്ടി. 2 പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.