തൃശൂരില്‍ ഇന്ന് പുലിക്കളി

പുലര്‍ച്ചെ മുതല്‍ തന്നെ പുലികളെ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുലി മടകളില്‍ ആരംഭിച്ചുകഴിഞ്ഞു.

തൃശൂരില്‍ ഇന്ന് പുലിക്കളി
തൃശൂരില്‍ ഇന്ന് പുലിക്കളി

തൃശൂര്‍: തൃശ്ശൂരില്‍ ഇന്ന് പുലിക്കളി. ശൗര്യം മുഴക്കി, വയര്‍ കുലുക്കി, അരമണി കിലുക്കി പുലിക്കൂട്ടം ഇന്ന് വൈകിട്ട് സ്വരാജ് റൗണ്ടിലിറങ്ങും. ഓണാഘോഷത്തിന് സമാപനം കുറിച്ചാണ് വൈകിട്ട് അഞ്ചുമണിയോടെ 7 പുലിക്കളി സംഘങ്ങള്‍ സ്വരാജ് റൗണ്ടില്‍ എത്തുക. രണ്ടരയോടെ വിവിധ ദേശങ്ങളില്‍ നിന്ന് പുലികളി സംഘങ്ങള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. പുലര്‍ച്ചെ മുതല്‍ തന്നെ പുലികളെ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുലി മടകളില്‍ ആരംഭിച്ചുകഴിഞ്ഞു.

എല്ലാ പുലിമടകളിലും വരയ്ക്കാന്‍ തയ്യാറായി ഒരുങ്ങി നില്‍ക്കുകയാണ് ആളുകള്‍. ആദ്യമായി വരയ്ക്കുന്നവരും വര്‍ഷങ്ങളായി പുലിവേഷം കെട്ടുന്നവരുമുണ്ട് ഈ കൂട്ടത്തില്‍. 40 ലേറെ വര്‍ഷങ്ങളായി പുലികളെ വരയ്ക്കുന്നവരുമുണ്ട്. കറുപ്പ് പുലിയെയാണ് വരയ്ക്കാന്‍ ഏറ്റവും എളുപ്പമെന്നാണ് ഇവര്‍ പറയുന്നത്. വനിതകളും കുട്ടിപ്പുലികളുമടക്കം പുലി വേഷം കെട്ടുന്നുണ്ട്. രണ്ടരയോടെ ഇറങ്ങി, വൈകിട്ട് അഞ്ചോടെ സ്വരാജ് റൗണ്ടിലെത്തും. സ്വരാജ് റൗണ്ട് വലം വച്ച് നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒമ്പത് മണിയോടെയാണ് പുലിക്കളി അവസാനിക്കുക.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നെങ്കിലും ‘നഗരഹൃദയം’ തിരിച്ചറിഞ്ഞ മട്ടില്‍ അനുകൂല തീരുമാനമുണ്ടായതോടെയാണ് ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയായത്.

Top