CMDRF

പീരുമേട്ടിലെ ജനവാസ മേഖലയില്‍ പുലിക്ക് പിന്നാലെ കരടിയും, കാട്ടാനയും

പീരുമേട്ടിലെ ജനവാസ മേഖലയില്‍ പുലിക്ക് പിന്നാലെ കരടിയും, കാട്ടാനയും
പീരുമേട്ടിലെ ജനവാസ മേഖലയില്‍ പുലിക്ക് പിന്നാലെ കരടിയും, കാട്ടാനയും

ഇടുക്കി: പീരുമേട്ടിലെ ജനവാസ മേഖലയില്‍ പുലിക്ക് പിന്നാലെ കരടിയും. പീരുമേട് ടൗണിന് സമീപമാണ് കരടിയിറങ്ങിയത്. പീരുമേട്ടില്‍ ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം ഭീതി പടര്‍ത്തുന്നതിനിടെയാണ് കരടിയിറങ്ങിയത്. പീരുമേട് ടൗണില്‍ അഗ്‌നിരക്ഷാ നിലയത്തിന് തൊട്ടടുത്ത് താമസിക്കുന്ന പുത്തന്‍പറമ്പില്‍ രാജന്റെ വീട്ടുമുറ്റത്താണ് കരടിയെത്തിയത്. പുറത്തേക്കിറങ്ങിയ രാജന്‍ ആക്രമണമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കരടി കൃഷിയിടത്തില്‍ ഒളിച്ചു.

തുടര്‍ന്ന് മുറിഞ്ഞപുഴയില്‍ നിന്ന് വനം വകുപ്പ് സംഘവും പീരുമേട് ആര്‍ആര്‍ടി സംഘവും സ്ഥലത്ത് പരിശോധന നടത്തി. കാല്‍പ്പാടുകളുള്‍പ്പെടെ കരടിയുടെതെന്ന് കണ്ടെത്തി പ്രദേശത്ത് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ക്യാമറ വഴി കരടിയുടെ സഞ്ചാരം നിരീക്ഷിക്കാനുളള നടപടിയും തുടങ്ങി. ആവശ്യമെങ്കില്‍ കൂട് ഉടനെ സ്ഥാപിക്കും. നേരത്തെ പീരുമേട്ടിലെ വിദൂര ആദിവാസി മേഖലയായ പ്ലാക്കത്തടത്ത് കരടിയിറങ്ങിയിരുന്നു. നിലവില്‍ പീരുമേട് ടൗണിന് സമീപം കാട്ടാന നിലയുറപ്പിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുളളതിനാല്‍ നാട്ടുകാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top