എസ്.ഐ പദവി മടുത്തു; പഴയ ഹവില്‍ദാര്‍ പദവിയിലേക്ക് മടങ്ങി കിരണ്‍

എസ്.ഐ പദവി മടുത്തു; പഴയ ഹവില്‍ദാര്‍ പദവിയിലേക്ക് മടങ്ങി കിരണ്‍
എസ്.ഐ പദവി മടുത്തു; പഴയ ഹവില്‍ദാര്‍ പദവിയിലേക്ക് മടങ്ങി കിരണ്‍

വടകര: ഹവില്‍ദാര്‍ ആയിരിക്കെ പരീക്ഷ എഴുതി സബ് ഇന്‍സ്‌പെക്ടര്‍ കുപ്പായത്തിലേക്ക് സ്ഥാനക്കയറ്റം നേടിയ ഉദ്യോഗസ്ഥന്‍ ഒടുവില്‍ പഴയ തസ്തിക തന്നെ മതിയെന്നു നിശ്ചയിച്ചു. എടച്ചേരി എസ്.ഐ വി. കെ. കിരണ്‍ ആണ് യുവാക്കളുടെ അഭിമാന ജോലിയായ എസ്.ഐ കുപ്പായം അഴിച്ചുവെച്ച് പഴയ ഹവില്‍ദാര്‍ കുപ്പായമണിഞ്ഞത്. 2009ലാണ് കിരണ്‍ തിരുവനന്തപുരം എസ്.എ.പിയില്‍ ഹവില്‍ദാറായി ജോലിയില്‍ കയറിയത്. പിന്നീട് എസ്.ഐ പരീക്ഷ പാസായി സബ് ഇന്‍സ്‌പെക്റായി ജോലിയില്‍ പ്രവേശിച്ചു. പരിശീലനം പൂര്‍ത്തിയാക്കി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ച കിരണ്‍ എടച്ചേരി പൊലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് എസ്.ഐ പദവി വേണ്ടെന്നുവെച്ച് പഴയ ഹവില്‍ദാര്‍ തസ്തികയിലേക്ക് മടങ്ങുന്നത്.

ഇതുസംബന്ധിച്ച് കോഴിക്കോട് ജില്ല പൊലീസ് മേധാവി ഉത്തരവിറക്കി. 2013ല്‍ പരിഷ്‌കരിച്ച കേരള സര്‍വിസ് റൂളിലെ പ്രത്യേക ചട്ടം അനുസരിച്ചാണ് നടപടി. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും സമ്മര്‍ദമാണ് തിരിച്ചുപോക്കില്‍ കലാശിച്ചതെന്നാണ് അണിയറ സംസാരം. നേരത്തെ ഒരുതവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിച്ചതിനെതുടര്‍ന്ന് വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പേരെടുത്ത ഉദ്യേഗസ്ഥന്റെ മടക്കം ഏറെ ചര്‍ച്ചയായിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടറുടെ തിരിച്ചുപോക്ക് സേനയിലും ചര്‍ച്ചയായി. സ്റ്റേഷന്‍ ചുമതല സി.ഐയിലേക്ക് മാറിയതോടെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ പലവിധത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കും കീഴ്‌പ്പെടേണ്ടി വരുന്നതായി നേരത്തെ ആക്ഷേപമുണ്ടായിരുന്നു. തികച്ചും വ്യക്തിപരമാണ് മടക്കമെന്നാണ് കിരണിന്റെ പ്രതികരണം.

Top