അയോധ്യ: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞതോടെയുണ്ടായ വിവാദം കത്തിനില്‍ക്കവെ, പ്രതികരണവുമായി രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍. ജനുവരി 22ന് നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ തിരുപ്പതി ക്ഷേത്രത്തില്‍ നിന്നുള്ള ലഡ്ഡു പ്രസാദമായി വിതരണം ചെയ്തിരുന്നെന്ന് മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
എത്ര ലഡ്ഡു കൊണ്ടുവന്നുവെന്ന് എനിക്കറിയില്ല. ട്രസ്റ്റിന് അത് അറിയാം. ഏത് ലഡ്ഡു വന്നാലും പ്രസാദം ഭക്തര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ അപകടകരമായ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് -ആചാര്യ സത്യേന്ദ്ര ദാസ് പ്രതികരിച്ചു.
ശ്രീ വെങ്കിടേശ്വര ക്ഷേത്രം നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം പ്രതിഷ്ഠാ ചടങ്ങിനായി ഒരു ലക്ഷത്തിലധികം ലഡ്ഡു ആണ് അയച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ 8,000 പ്രമുഖര്‍ പങ്കെടുത്തിരുന്നു.
ഗുജറാത്തിലെ നാഷനല്‍ ഡെയറി ഡെവലപ്‌മെന്റ് ബോര്‍ഡിന് കീഴിലെ സെന്റര്‍ ഓഫ് അനാലിസിസ് ആന്‍ഡ് ലേണിങ് ഇന്‍ ലൈവ്‌സ്റ്റോക്ക് ആന്‍ഡ് ഫുഡ് ലാബ് നടത്തിയ പരിശോധനയിലാണ് ലഡ്ഡു നിര്‍മിക്കാന്‍ ഉപയോഗിച്ച നെയ്യില്‍ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജൂണില്‍ നായിഡു സര്‍ക്കാര്‍ നടത്തിയ പരിശോധന ഫലമാണ് ഇപ്പോഴാണ് പുറത്തുവിട്ടത്. ഇതോടെ വന്‍ വിവാദമാണ് ഉയര്‍ന്നിരിക്കുന്നത്.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭരണകാലത്താണ് ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നുംന്നും ക്രിസ്ത്യാനിയായ ജഗന്‍ മോഹന്‍ റെഡ്ഡി ക്ഷേത്രാചാരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു. നായിഡു വിഭജന രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ജഗന്റെ മറുപടി.
Also read: ലഡ്ഡുവിലെ മൃഗകൊഴുപ്പ്; വിവാദത്തിൽ പ്രതികരണവുമായി എ.ആർ.ഡയറി രംഗത്ത്
കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ആന്ധ്രപ്രദേശ് സര്‍ക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയും അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്. വിഷയം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇത് ജനങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.