CMDRF

‘എമർജൻസി’ തിയേറ്ററുകളിലേക്ക്; രാഷ്ട്രീയ പ്രവർത്തനം സിനിമാ കരിയറിനെ ബാധിച്ചുവെന്ന് കങ്കണ

‘എമർജൻസി’ തിയേറ്ററുകളിലേക്ക്; രാഷ്ട്രീയ പ്രവർത്തനം സിനിമാ കരിയറിനെ ബാധിച്ചുവെന്ന് കങ്കണ
‘എമർജൻസി’ തിയേറ്ററുകളിലേക്ക്; രാഷ്ട്രീയ പ്രവർത്തനം സിനിമാ കരിയറിനെ ബാധിച്ചുവെന്ന് കങ്കണ

ങ്കണ റണാവത്ത് ഇന്ദിരാ ഗാന്ധിയായി എത്തുന്ന ‘എമർജൻസി’ തിയറ്ററുകളിലേക്ക്. കങ്കണ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് സെപ്തംബർ 6നാണ്. ചിത്രത്തിൻറെ പ്രമോഷനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കിടെ ഒരു ബിജെപി എംപി എന്ന നിലയിലുള്ള രാഷ്ട്രീയ ജീവിതം എങ്ങനെ തൻ്റെ സിനിമാ പ്രവർത്തനങ്ങളെ ബാധിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മാണ്ഡി ലോക്സഭാംഗമായ താരം. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ഒരു രാഷ്ട്രീയക്കാരിയാകുന്നത് അത്ര എളുപ്പമല്ലെന്ന് കങ്കണ പറഞ്ഞു.

“ഒരു പാർലമെൻ്റേറിയൻ ആകുക എന്നത് വളരെ പ്രധാനപ്പെട്ട ജോലിയാണ്. പ്രത്യേകിച്ച് എൻ്റെ നിയോജക മണ്ഡലത്തിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്, അതിനാൽ ഞാൻ എല്ലായിടത്തും എത്തേണ്ടതായി വരുന്നു” കങ്കണ പറയുന്നു. തൻ്റെ രാഷ്ട്രീയ ജീവിതം കാരണം തൻ്റെ സിനിമകൾ എങ്ങനെയാണ് പിന്നോട്ട് പോയതെന്നും അവർ വ്യക്തമാക്കി. “സിനിമയുമായി ബന്ധപ്പെട്ട ജോലികൾ നിർത്തിവച്ചിരിക്കുകയാണ്. ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല. ശീതകാല സമ്മേളനം പോലെയുള്ള കൂടുതൽ പാർലമെൻ്റ് സമ്മേളനങ്ങളുടെ വിശദാംശങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്. അതിനനുസരിച്ച് വേണം ഷൂട്ടിംഗ് ഷെഡ്യൂളുകൾ തീരുമാനിക്കാൻ” കങ്കണ കൂട്ടിച്ചേർത്തു.

രാഷ്ട്രീയപ്രവർത്തനം പോലെ അഭിനയവും തനിക്ക് ഒരുപോലെയാണെന്നും മുൻഗണന അനുസരിച്ചാണ് ഓരോന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അവർ പറഞ്ഞു. അതേസമയം, എമർജൻസിയുടെ ട്രെയിലർ നാളെ പുറത്തിറക്കും. ഷേക്സ്പിയറിൻറെ മാക്ബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് താൻ ചിത്രമൊരുക്കിയതെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തിൽ കങ്കണയെത്തുന്നത്. ഇന്ദിരയായിട്ടുള്ള കങ്കണയുടെ മേക്കോവർ തന്നെ അതിശയിപ്പിക്കുന്നതാണ്. സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, മലയാളി താരം വിശാഖ് നായർ, അന്തരിച്ച നടൻ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എമർജൻസിയുടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നും കങ്കണ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചിരുന്നു. കന്നി വിജയത്തിനു ശേഷമാണ് കങ്കണയുടെ ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്.

Top