മുംബൈ: ഐപിഎല്‍ താരലേലത്തില്‍ 15 കോടി രൂപയ്ക്കാണ് ഹാര്‍ദ്ദിക്കിനെ മുംബൈ വീണ്ടും സ്വന്തമാക്കിയത്. പിന്നാലെ രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദ്ദിക്കിനെ മുംബൈ നായകനാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ നായകനായി ഹാര്‍ദ്ദിക്ക് ആദ്യ മത്സരം പൂര്‍ത്തിയാക്കി. പക്ഷേ ഗ്രൗണ്ടില്‍ പുതിയ നായകന്‍ നടത്തിയ പല നിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം 30 യാര്‍ഡ്‌സ് സര്‍ക്കിളിന് പുറത്തുപോയി രോഹിത് ഫീല്‍ഡ് ചെയ്തു. ഹാര്‍ദ്ദിക്കിന്റെ കടുത്ത നിര്‍ദ്ദേശമാണ് രോഹിതിന് നേരെയുണ്ടായത്. ലോങ് ഓണിലേക്ക് പോകാന്‍ ഹാര്‍ദ്ദിക്ക് ആവശ്യപ്പെട്ടത് മനസിലാക്കിയെടുക്കാന്‍ രോഹിത് ഒരു നിമിഷം സമയമെടുത്തു. ‘തന്നോട് തന്നെയോ’ എന്ന നിലയില്‍ രോഹിത് ഇതിനോട് പ്രതികരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹാര്‍ദ്ദിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പങ്കുവെയ്ക്കുന്നത്.ലോങ് ഓണിലും സ്ലിപ്പിലും ലെഗ് സൈഡ് ബൗണ്ടറിയിലും മിഡ് വിക്കറ്റിലും രോഹിത് ശര്‍മ്മ ഗുജറാത്തിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്തു. അതില്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാച്ച് രോഹിത് ലോങ് ഓണില്‍ നിന്നാണ് പിടികൂടിയത്.