ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്സില്‍ ഡിസ് ലൈക്ക് ബട്ടണ്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യൂട്യൂബിന് സമാനമായ ഡിസ് ലൈക്ക് ബട്ടനായിരിക്കും ഇത്. ഇതുവഴി എക്‌സ്സിലെ പോസ്റ്റുകളോടും കമന്റുകളോടുമുള്ള എതിര്‍പ്പും അനിഷ്ടവും അറിയിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
ഈ മാസം ആദ്യം ആരോണ്‍ പെരിസ് എന്നയാളാണ് എക്സിന്റെ ഐഒഎസ് പതിപ്പിന്റെ കോഡില്‍ ഡൗണ്‍വോട്ട് ഫീച്ചര്‍ സംബന്ധിച്ച സൂചനകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയത്. ഇപ്പോള്‍ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് എക്‌സിലെ ഡൗണ്‍ വോട്ട് ഐക്കണ്‍ എങ്ങനെ ആയിരിക്കും എന്നതിന്റെ ചിത്രമാണ്.
ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത് മുതല്‍ തന്നെ പ്ലാറ്റ്‌ഫോമില്‍ ഡിസ്ലൈക്ക് ബട്ടണ്‍ വരുമെന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഒട്ടനവധി മാറ്റങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും ഡിസ് ലൈക്ക് മാത്രം എത്തിയില്ല.
എക്‌സസിലെ ലൈക്ക് ബട്ടണ്‍ ഒരു ഹാര്‍ട്ട് ഐക്കണാണ്. ഇതിന് പകരം ഡൗണ്‍വോട്ട് അഥവാ ഡിസ് ലൈക്ക് ബട്ടണായി ബ്രോക്കന്‍ ഹാര്‍ട്ട് ഐക്കണാണ് ഉപയോഗിച്ചിട്ടുള്ളത്.
ഈ ബട്ടനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ‘ നിങ്ങള്‍ ഈ പോസ്റ്റ് ഡൗണ്‍വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ?’ എന്ന ചോദ്യം പോപ്പ് അപ്പ് ചെയ്യുമെന്നാണ് ആരോണ്‍ പറയുന്നത്. ഇതിന് സ്ഥിരീകരണം നല്‍കുന്നതോടെ ആ പോസ്റ്റിന് ഡൗണ്‍വോട്ട് ചെയ്യാം.