ഇന്ത്യന്‍ കോച്ച് തിരഞ്ഞെടുപ്പില്‍ ഗംഭീറിനെയും രാമനെയും ഒരേസമയം പരിശീലകരാക്കാന്‍; ബിസിസിഐ

ഇന്ത്യന്‍ കോച്ച് തിരഞ്ഞെടുപ്പില്‍ ഗംഭീറിനെയും രാമനെയും ഒരേസമയം പരിശീലകരാക്കാന്‍; ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ആരെത്തുമെന്ന ആകാംക്ഷക്കിടെ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഗൗതം ഗംഭീറിനെയും ഡബ്ല്യുവി രാമനെയും ഒരേസമയം പരിശീലകനാക്കാന്‍ ബിസിസിഐ നീക്കമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ ഉപദേശക സമിതിക്ക് മുമ്പാകെ ഗംഭീറും രാമനും അഭിമുഖത്തിനെത്തിയിരുന്നു. ഇരുവരുടെയും അഭിമുഖം പൂര്‍ത്തിയാക്കിയ ശേഷമാണ് എന്തുകൊണ്ട് രണ്ടുപേരെയും പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തിക്കൂടാ എന്ന നിര്‍ദേശം ബിസിസിഐക്ക് മുമ്പാകെ എത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

വ്യത്യസ്ത രീതിയില്‍ രണ്ടുപേരെയും ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. കോച്ച് എന്ന നിലയില്‍ ഏറെ പരിചയസമ്പത്തുള്ള വ്യക്തിയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഡബ്ല്യുവി രാമന്‍. ഗംഭീറിന് പരിശീലകനായുള്ള പരിചയസമ്പത്തില്ലെങ്കിലും ഐപിഎല്ലില്‍ മൂന്ന് സീസണുകളിലായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ മെന്ററായിരുന്നു. ഈ സാഹചര്യത്തില്‍ ഗംഭീറിനെ മുഖ്യ പരിശീലകനാക്കുന്നതിനൊപ്പം കോച്ചിംഗിലെ പരിചയ സമ്പത്ത് ഉപയോഗിക്കാനായി രാമനെ ബാറ്റിംഗ് കോച്ച് ആക്കുന്നതിനെക്കുറിച്ചാണ് ബിസിസിഐ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ രാമന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

Top