ടി20 ലോകകപ്പില്‍ ഇന്ന്; ഇന്ത്യ-ദക്ഷിണാഫ്രിക്ക കിരീടപ്പോരാട്ടം

ടി20 ലോകകപ്പില്‍ ഇന്ന്; ഇന്ത്യ-ദക്ഷിണാഫ്രിക്ക കിരീടപ്പോരാട്ടം

ബാര്‍ബഡോസ്: ടി20യിലെ ലോക ചാമ്പ്യന്മാരാകാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ബാര്‍ബഡോസില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് (പ്രാദേശിക സമയം രാവിലെ 10.30) ഫൈനല്‍. 17 വര്‍ഷം മുമ്പ് തുടങ്ങിയ ടി20 ലോകകപ്പില്‍ ഇതുവരെ എട്ട് ലോകകപ്പ് ടൂര്‍ണമെന്റുകള്‍ നടന്നു. മൂന്ന് നായകന്മാര്‍ ഇന്ത്യയെ നയിച്ചു. എന്നാല്‍ 2007ല്‍ ജൊഹാനസ്ബര്‍ഗില്‍ ധോണിയുടെ നായകത്വത്തില്‍ പാകിസ്ഥാനെ വീഴ്ത്തി കന്നിക്കിരീടം നേടിയ മഹാവിജന്റെ ആവര്‍ത്തനം പിന്നീടൊരിക്കലും സംഭവിച്ചില്ല. രണ്ടാമതൊടും ടി20 ലോകകപ്പ് കിരീടം തേടിയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ തീര്‍ത്ഥാടനം പൂര്‍ത്തിയാകുമോ എന്ന് ഇന്നറിയാനാവും.

2013ന് ശേഷമുള്ള ആദ്യ ഐസിസി കിരീടത്തിന് സമയമായെന്ന് കരുതാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് പല കാരണങ്ങളുണ്ട്. ബാറ്റിംഗിലെ യാഥാസ്ഥിതികവാദം വിട്ട് ട്രെന്‍ഡിന് അനുസരിച്ച് നീങ്ങാന്‍ പേടിയില്ലാത്ത യുവാക്കള്‍. അവര്‍ക്ക് വഴികാട്ടാന്‍ ഉശിരുള്ളൊരു നായകന്‍. പന്തെടുത്താല്‍ തീതുപ്പുന്ന പേസര്‍മാര്‍. ഏത് വമ്പനെയും കറക്കിവീഴ്ത്താന്‍ കെല്‍പ്പുള്ള ജാലവിദ്യക്കാര്‍. നായകനായി കിരീടം കൈവിട്ട മണ്ണില്‍ ലോകകിരീടവുമായി പടിയിറങ്ങാനൊരുങ്ങുന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

Top