ഫുട്‌ബോളിന്റെ ‘മിശിഹായ്ക്ക്’ ഇന്ന് പിറന്നാള്‍ മധുരം

ഫുട്‌ബോളിന്റെ ‘മിശിഹായ്ക്ക്’ ഇന്ന് പിറന്നാള്‍ മധുരം
ഫുട്‌ബോളിന്റെ ‘മിശിഹായ്ക്ക്’ ഇന്ന് പിറന്നാള്‍ മധുരം

കാല്‍പന്ത് കളിയുടെ രാജാവിന് ഇന്ന് 37-ാം ജന്മദിനം. ലോകകപ്പെന്ന വലിയ സ്വപ്നവും നേടി ഏറ്റവും സന്തോഷത്തോടെ ആസ്വദിച്ച് പന്തു തട്ടുന്ന മെസിയെയാണ് കോപ്പയില്‍ ഇന്ന് ലോകം കാണുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ‘ഫിഫ ദി ബെസ്റ്റ്’ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന മെസി, സ്റ്റീല്‍ ഫാക്ടറി മാനേജരായിരുന്ന ജോര്‍ജ് മെസിയുടെയും മാഗ്‌നറ്റ് നിര്‍മാണ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഭാര്യ സെലിയ കുക്കിറ്റിനിയുടെയും നാല് മക്കളില്‍ മൂന്നാമനായി 1987 ജൂണ്‍ 24ന് സാന്താ ഫെയിലെ റൊസാരിയോയില്‍ ജനിച്ചു. ‘ലിയോ’ക്ക് ചെറുപ്പം മുതലേ സ്‌പോര്‍ട്‌സിനോട് അതിയായ താൽപര്യം ആയിരുന്നു. നാലാം വയസില്‍ അദ്ദേഹം പ്രാദേശിക ക്ലബ്ബായ ഗ്രാന്‍ഡോളിയില്‍ ചേര്‍ന്നു. അവിടെ അദ്ദേഹത്തെ പരിശീലിപ്പിച്ചത് പിതാവ് തന്നെ ആയിരുന്നു. കൗമാരപ്രായത്തില്‍ തന്നെ അസാമാന്യ പ്രതിഭയായിരുന്ന മെസി, 20 വയസിനുമുമ്പ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി മാറി. 2006ല്‍ ടീനേജ് കാലത്ത് ആദ്യ ലോകകപ്പ് ഗോള്‍ നേടി.

തനിക്ക് ഉണ്ടായ ഹോര്‍മോണ്‍ കുറവില്‍ പൊക്കം വെക്കില്ല എന്ന് തിരിച്ചറിഞ്ഞിട്ടും, അതൊന്നും വകവെയ്ക്കാതെ തന്റെ പാഷനെ പിന്തുടർന്ന ആ ചെറുപ്പക്കാരന്‍, ഇന്ന് ലോകം മുഴുവന്‍ ആരാധകര്‍ ഉള്ള മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ ആയി മാറി.

ഒരു ദൈവനിയോഗം പോലെ ബാഴ്സലോണ ക്ലബ്ബിലേക്ക് എത്തിയ മെസിയുടെ ജീവിതം മാറി മറിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രകടനം തന്നെയാണ് ബാഴ്‌സലോണ ക്ലബിന് വേണ്ടി മെസി കാഴ്ചവെച്ചത്. 2000 മുതല്‍ 2021 വരെ ബാഴ്‌സലോണ ക്ലബ്ബിന് വേണ്ടി പന്ത് തട്ടിയ അദ്ദേഹം 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകള്‍ നേടി ചരിത്രം കുറിച്ചു. 2021ൽ മെസി ബാഴ്സലോണ വിടുന്നു എന്ന വാര്‍ത്ത കണ്ണിരോടെയാണ് ആരാധകര്‍ കണ്ടു നിന്നത്. വളരെ വികാരഭരിതനായാണ് മെസി വിടപറഞ്ഞതും.

ഒരുപാട് ജയപരാജയങ്ങള്‍ക്ക് ഒടുവില്‍, 2022 ഖത്തര്‍ ലോകകപ്പില്‍ അർജന്റീന ടീമിനുവേണ്ടി പടനായകന്‍ മെസി കപ്പില്‍ മുത്തമിട്ടു. കണ്ടു നിന്ന ഓരോ മനുഷ്യനെയും കരയിപ്പിച്ച മറ്റൊരു മത്സരം ഉണ്ടോ എന്നത് തന്നെ അത്ഭുതമാണ്. കുട്ടികാലത്ത് തന്നെ തന്റെ ശാരീരിക പരിമിതിയില്‍ ഒതുങ്ങി പോയിരുന്നു എങ്കില്‍, നമുക്ക് ഇന്ന് മെസ്സി എന്ന ഇതിഹാസത്തെ കിട്ടില്ലായിരുന്നു. തന്റെ പൊക്കമില്ലായിമയെ പൊക്കമാക്കി മാറ്റി, കാല്പന്തിന്റെ രാജാവായി മാറിയ മെസ്സിയുടെ ജീവിതം ഒരുപാട് ആളുകള്‍ക്ക് പ്രചോദനം തന്നെയാണ്. തനിക്ക് ഉണ്ടായ അനുഭവം ഇനി തന്റെ നാട്ടിലെ ഒരുകുട്ടികള്‍ക്കും വരാതിരിക്കാന്‍ അദ്ദേഹം മെസി ഫൌണ്ടേഷന്‍ രൂപികരിച്ചു.

ഇപ്പോള്‍ നടക്കുന്ന കോപ്പ അമേരിക്ക മത്സരത്തില്‍ അര്ജന്റീന ടീമിന് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. റൊസാരിയ തെരുവിലെ മുത്തശിമാര്‍ ഇനി ഒരു രാജാവിന്റ കഥ പറയും. കാലം എത്ര കഴിഞ്ഞാലും പകരം വെക്കാന്‍ പറ്റാത്ത ഒരു രാജാവിന്റയും ആ രാജാവിന് വേണ്ടി ജീവന്‍ നല്‍കാന്‍ കൂടെ നിന്ന പടയാളികളുടേയും കഥ.

Top