CMDRF

സാധാരണക്കാരനിൽ നിന്ന് സഹജീവികളുടെ നായകനിലേക്ക്; ഇന്ന് മണ്ടേല ദിനം

സാധാരണക്കാരനിൽ നിന്ന് സഹജീവികളുടെ നായകനിലേക്ക്; ഇന്ന് മണ്ടേല ദിനം
സാധാരണക്കാരനിൽ നിന്ന് സഹജീവികളുടെ നായകനിലേക്ക്; ഇന്ന് മണ്ടേല ദിനം

ലോകത്താകമാനം ഉയർന്ന സമത്വത്തിന്റെ ആ ശബ്ദം പിന്നീട് പല കോണുകളിലായി പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്ര പോരാട്ടങ്ങൾക്ക് പ്രചോദനമായി. ഇന്ന് ജുലൈ 18, കറുത്ത മനുഷ്യരുടെ അവകാശങ്ങൾക്കും സഹജീവികളുടെ നന്മക്കും വേണ്ടി ശബ്ദമുയർത്തിയ ലോകത്തിന്റെ പ്രിയ നേതവിന് ഇന്ന് 106ാം പിറന്നാൾ. എല്ലാ വർഷവും ജൂലൈ 18-ന് ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടിയ നെൽസൺ മണ്ടേലയുടെ ജീവിതത്തെയും പൈതൃകത്തെയും ആദരിക്കാൻ ലോകം ഒത്തുചേരുന്നു.

1918 ജൂലൈ 18 ന് തൊമ്പു ഗോത്രത്തിലെ രാജ കുടുംബത്തിലായിരുന്നു നെൽസൺ മണ്ടേലയുടെ ജനനം. അച്ചൻ ഹെൻഡ്രി മണ്ടേല, അമ്മ നോസ്​കേനി ഫാനി. ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡണ്ട് നെൽസൺ മണ്ടേലയുടെ ആദ്യ പേര് റോവില്ലായ എന്നായിരുന്നു. ഹൊസാ വിഭാഗത്തിലെ ഗോത്രാധികാരം വഹിച്ചിരുന്ന തെമ്പു ഗോത്രത്തിൽ പിറന്ന മണ്ടേലയുടെ കുടുംബപ്പേരാണ് ‘മാഡിബ’. ആദ്യമായി സ്കൂളിൽ ചേരുന്ന ആഫ്രിക്കക്കാരന് ഒരു ഇംഗ്ലീഷ് പേര് നൽകുന്ന രീതി അവിടെ നിലനിന്നിരുന്നു. അങ്ങനെ മണ്ടേലക്ക് ക്ലാസ് ടീച്ചറായ മിഡിംഗാനെ നൽകിയ പേരാണ് നെൽസൺ. വളർത്തച്ചനായ ജോംഗിൻറാബക്കിന്റെ ശിക്ഷണത്തിലായിരുന്നു മണ്ടേല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

കോളേജ് കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തോട് താത്പര്യം പ്രകടിപ്പിച്ച മണ്ടേല കലാ കായിക മേഖലകളിലും കഴിവ് തെളിയിച്ചിരുന്നു.ജീവിതത്തിലെ കാഴ്ച്ചപാടുകളിൽ മാറ്റം കൊണ്ടുവന്ന സമയമായിരുന്നു ഫോർട്ട് ഹാരേ സർവകലാശാലയിലെ കോളേജ് കാലഘട്ടം. ജീവിതത്തിെൻറ കറുത്ത ഏടുകൾ തിരിച്ചറിഞ്ഞ ദിനങ്ങൾ. അപ്പാർത്തീഡ് അഥവാ വർണവിവേചനം എന്ന കൊടും വിഷം സമൂഹത്തിൽ കൊടുംപിരി കൊണ്ട് മനുഷ്യന്റെ കാഴ്ച്ചപാടുകളിൽ മങ്ങലേൽപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവ് മണ്ടേലയുടെ ഉള്ളിലെ രാഷ്ട്രീയ ചിന്തകൾക്കു ജീവൻ നൽകി. മനുഷ്യനെതിരെ നിറത്തിന്റെ പേരിൽ വിവേചനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുണ്ടെന്ന യാഥാർത്യം അദ്ദേഹത്തിന് സഹജീവികൾക്കു വേണ്ടി പോരാടാനുള്ള ആർജവം നൽകി.

വിറ്റ്വാട്ടർസ്രാൻറ് സർവകലാശാലയിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കിയ മണ്ടേല 1942ൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിെൻറ യൂത്ത്​ലീഗ് രൂപവത്കരിച്ചു. അതിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി. പിന്നീട് സംഘടനയുടെ സെക്രട്ടറിയായി. അലക്സാൻഡ്രാ ബസ്​ ബഹിഷ്കരണ സമരത്തോടെ (1943) രാഷ്ട്രീയരംഗത്തെത്തിയ മണ്ടേല ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ യുവജനവിഭാഗമായ യൂത്ത് ലീഗിന്റെ നേതാവായി സമരങ്ങൾ ഏറ്റെടുത്തു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ആകർഷക കേന്ദ്രമായി മണ്ടേല വളർന്നു. 1952ൽ ഗവൺമെൻറ് നിരോധാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് അറസ്​റ്റ് ചെയ്ത് ജയിലിലടച്ചു. ജയിൽ മോചിതനായി വക്കീലായി ജോലിയിൽ പ്രവേശിച്ചു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായിരുന്നു അപ്പോഴും മുഖ്യപരിഗണന. സായുധസമരങ്ങൾക്ക് നേതൃത്വം നൽകാൻ രൂപവത്കരിച്ച സംഘടനയുടെ കമാൻഡർ ചീഫായി. പിന്നീട് ഒളിവു ജീവിതവും ആഫ്രിക്കയിലെ പോരാട്ടത്തിന് ഇതര രാജ്യങ്ങളുടെ പിന്തുണ തേടിയുള്ള വിദേശയാത്രകളും നടത്തി. പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിയവെ അറസ്​റ്റ് ചെയ്ത് റോബൻ ദ്വീപിലെ ജയിലിൽ അടച്ചു. അവിടെ കൊടിയ മർദനങ്ങളാണ് നേരിട്ടത്. ഇതിനെതിരെ ലോകത്താകമാനം വലിയ പ്രതിഷേധങ്ങളാണ് പൊട്ടിപുറപ്പെട്ടത്. നീണ്ട 27 വർഷത്തെ ജയിൽ ജീവിതം.

ഇതിനു പിന്നാലെ മണ്ടേലയെ മോചിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ നടപടി തുടങ്ങി. അതിന്റെ ഭാഗമായി 1988 ഡിസംബറിൽ അദ്ദേഹത്തെ കേപ്പ് ടൗൺ നഗരത്തിന് സമീപമുള്ള വിക്ടർ വേഴ്സ്റ്റർ ജയിലിലേക്ക് മാറ്റി. രേഖകളിൽ മാത്രം അതൊരു ജയിൽ. എല്ലാ സുഖസൗകര്യങ്ങളും ഭരണകൂടം ഒരുക്കിയ സ്വർഗതുല്യമായ ജയിൽ. മുഖം മിനുക്കിയ ഒരു വീട്. ചുറ്റും പുൽത്തകിടി, മുന്തിരിത്തോപ്പുകൾ, പൂന്തോട്ടം അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകളുടെ സംഗീതം കേൾക്കാം. ജനലിനും വാതിലിനും ഇരുമ്പഴികൾ ഇല്ല. ആകർഷകമായ സ്വീകരണമുറി. സന്ദർശകരെ സൽക്കരിക്കാൻ പ്രത്യേക ഏർപ്പാട്. മണ്ടേലക്ക് വായിക്കാൻ പുസ്തകങ്ങൾ, ടെലിവിഷൻ, മ്യൂസിക് സെറ്റ്, കിടക്കാൻ പൂമെത്തപോലുള്ള കട്ടിൽ, കുളിക്കാൻ നീന്തൽക്കുളം, ഭക്ഷണത്തിന് പ്രത്യേകമായി നിയോഗിക്കപ്പെട്ട പാചകക്കാരൻ, ജയിൽ യൂണിഫോം ഇല്ല. മണ്ടേല ആകർഷകമായ ഷർട്ടും പാന്റും ധരിച്ചു. ആൾക്കണ്ണാടി നോക്കി മുടി മിനുക്കി. കണ്ണാടിയിലെ രൂപം കണ്ട് പുഞ്ചിരിച്ചു. അങ്ങനെ സുഖസൗകര്യങ്ങളുടെ പട്ടിക നീണ്ടു. ജയിലിന് പുറത്ത് പോകാൻ അനുമതി ഇല്ലെന്ന് മാത്രം.

പുതിയ ജയിലിലേക്ക് മാറിയപ്പോൾ പിറ്റേന്ന് മണ്ടേലയുമായി സന്തോഷം പങ്കിടാൻ ജയിൽ വകുപ്പ് മന്ത്രി കൊബെ കെറ്റ്‌നി എത്തി. അദ്ദേഹം മണ്ടേലക്ക് ഒരു ഉപാരം നൽകി , ഒരു കുപ്പി വീഞ്ഞ്. കറുത്ത തടവുപുള്ളിയെ കാണാൻ വെള്ളക്കാരനായ ജയിൽമന്ത്രി എത്തിയത് വീണ്ടും കുപ്പികളുമായിട്ടാണ്. ലോകചരിത്രത്തിലെ അത്യപൂർവമായ സംഭവമാണിത്. വർണവിവേചനനയം നിലനിർത്താൻ കറുത്ത തടവുകാരനെ വെള്ളക്കാരൻ മന്ത്രി ആശ്ലേഷിച്ചു. പുകവലിയും മദ്യപാനവും ജയിലിൽ നിരോധിച്ചിരിക്കെ മന്ത്രി തന്നെ വീണ്ടും കുപ്പിയുമായി എത്തിയത് ചരിത്രത്തിലെ ഒരു അധ്യായമായി.1990 ഫെബ്രുവരി 11-ന് നീണ്ട 27 വർഷത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹം മോചിതനായി. 1994-ൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ജനാധിപത്യ പൊതുതിരഞ്ഞെടുപ്പ് നടന്നു. ആദ്യമായി ഒരു പൗരൻ എന്ന അവകാശത്തിൽ അഭിമാനിതനായി ആഫ്രിക്കൻ ജനങ്ങൾ വോട്ട് ചെയ്യാനെത്തി. അങ്ങനെ ലോകടെലിവിഷനുകൾ മണിക്കൂറുകളോളം സംപ്രക്ഷണം ചെയ്ത പരുപാടിയായി 1994 മെയ് 10-ന് നെൽസൺ മണ്ടേല ആഫ്രിക്കയുടെ ആദ്യ കറുത്ത വർ​ഗക്കാരനായ പ്രസിഡന്റായി ചുമതലയേറ്റു.

1993 ൽ സമാധാനത്തിനുളള നോബേൽ സമ്മാനം ലഭിച്ച അദ്ദേഹത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന നൽകി ഇന്ത്യയും ആദരിച്ചിട്ടുണ്ട്. കറുത്തവരുടെയോ വെളുത്തവരുടെയോ ആധിപത്യമില്ലാത്ത ജനാധിപത്യ രാഷ്ട്രത്തിനുവേണ്ടി സമാനതകളില്ലാത്ത പോരാട്ടം നടത്തിയ മണ്ടേല 2013 ഡിസംബർ അഞ്ചിന് തന്റെ 95ാം വയസ്സിൽ ലോകത്തോട് വിട പറഞ്ഞു. പരിപൂർണദേശീയ ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. ലോക നേതാക്കളും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സാധാരണക്കരായ ജനങ്ങളുമുൾപ്പെടെ 45,000ത്തിലധികം ആളുകളെ സാക്ഷിയാക്കി പൂർണ സൈനിക ബഹുമതികളോടെ. തെംബു ഗോത്രത്തിൽ പിറന്ന മണ്ടേലയുടെ സംസ്‌കാര ചടങ്ങുകളും പരമ്പരാഗത ഗോത്രാചാരപ്രകാരമായിരുന്നു.

മൂന്ന് ദിവസമായി മൃതദേഹം പ്രിട്ടോറിയയിലെ സർക്കാർ ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച് ചടങ്ങുകൾക്കൊടുവിൽ കുടുംബ വീട്ടുവളപ്പിൽ അദ്ദേഹം അന്ത്യ വിശ്രമം കൊണ്ടു.മനുഷ്യമോചനത്തിനായി പോരാടിയ ആ ഇതിഹാസ നായകന്റെ ഓർമ്മ ലോക്കത്തിന് മുന്നിൽ സമർപ്പിക്കാനായി ഐക്യരാഷ്ട്രസംഘടനയുടെ ആഹ്വാനപ്രകാരം അദ്ദേഹത്തിെൻറ ജന്മദിനമായ ജൂലൈ 18, ‘മണ്ടേല ദിന’മായി ആചരിച്ചുവരുന്നു. 2010 മുതലാണ് മണ്ടേല ദിനം ആചരിച്ചു തുടങ്ങിയത്. ലോകത്തെ വിമോചനപോരാട്ടങ്ങൾക്ക് വോറിട്ടൊരു തലം സൃഷ്ടിച്ച നെൽസൺ മണ്ടേല എന്ന വിപ്ലവ പോരാളിയുടെ ഓർമ്മ ചരിത്രം നിലനിൽക്കുവോളം ജീവിക്കും.

REPORT: ANURANJANA KRISHNA

Top