ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിന് ഇന്നേക്ക് ഒരാണ്ട്. സമാധാനം പുനഃസ്ഥാപിക്കപ്പെടാതെ ഇന്നും അശാന്തിയിലാണ് മണിപ്പൂര്‍. കുടിയിറക്കപ്പെട്ടവര്‍ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ ജീവിതം തള്ളി നീക്കുകയാണ്. ഒന്നാം വാര്‍ഷികം പ്രമാണിച്ച് നിരവധി പ്രതിഷേധ-പ്രാര്‍ത്ഥനാ യോഗങ്ങളാണ് സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്നത്.
യഥാര്‍ത്ഥ കണക്ക് അതിലും കൂടും എന്നാണ് കുക്കി – മെയ്‌തെയ് വിഭാഗങ്ങള്‍ പറയുന്നത്. ഇത്രയും വലിയ കലാപം ഉണ്ടായിട്ടും പ്രധാനമന്ത്രി സന്ദര്‍ശിക്കാത്തത് അടക്കം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയമാണ്. ഇന്നര്‍ മണിപ്പൂര്‍, ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയായി.
മെയ് മൂന്ന് മണിപ്പൂര്‍ ജനതയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. മെയ്‌തെയ് – കുക്കി വിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. കലാപത്തില്‍ മണിക്കൂറുകള്‍ കൊണ്ട് ഒരു സംസ്ഥാനം രണ്ടായി പിളര്‍ന്നു. ഇടകലര്‍ന്ന് ജീവിച്ചവര്‍ പരസ്പരം ചോരയ്ക്കായി ആക്രമണം തുടര്‍ന്നു. കുക്കി – മെയ്‌തെയ് വനിതകള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. കലാപം ആരംഭിച്ച് ഒരു വര്‍ഷം ആകുമ്പോള്‍ ഭീതി തുടരുകയാണ് മണിപ്പൂരില്‍. സംഘര്‍ഷങ്ങള്‍ ഇപ്പോഴും പലയിടത്തും തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ അതേപടി തുടരുന്നു. ജീവനും കൊണ്ട് സ്വന്തം വീടുകളില്‍ നിന്ന് ഓടി രക്ഷപ്പെട്ടവരാണ് ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 220 പേര്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായത്.