തിരുവനന്തപുരം: താര സംഘടനയായ എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ രാജിയിൽ പ്രതികരിച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാർ. ‘അമ്മ’ എന്ന സംഘടനയെ തകർത്ത ദിവസമാണിന്ന്. സംഘടന നശിച്ചു കാണമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം. താൻ ഉൾപ്പെടെയുള്ളവർ കയ്യിൽ നിന്നും കാശ് എടുത്താണ് ഈ സംഘടന പടുത്തുയർത്തിയതെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
നാല് വർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ 150 ഓളം വരുന്ന ആളുകൾ മാസം 5,000 രൂപ പെൻഷൻ വെച്ച് വാങ്ങുന്നുണ്ട്. എഎംഎംഎയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. ഇനി ഇതൊക്കെ എങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയണം. മോഹൻലാലും മമ്മൂട്ടിയും മാറി നിന്നാൽ നയിക്കാൻ ആർക്കും കഴിയില്ല. സംഘടന തകരുന്നത് കാണുന്നവർക്ക് രസമാണ്. ഏറെ ഹൃദയ വേദന തോന്നിയ നിമിഷം ആണെന്നും ഗണേഷ് കുമാർ പറഞ്ഞു.
Also read: മുകേഷ് എംഎൽഎയുടെ ആരോപണങ്ങൾ നിഷേധിച്ച് നടി രംഗത്ത്
നിലവിൽ സിനിമാ രംഗത്തുള്ളവർക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളിലൊന്നും പ്രതികരിക്കാൻ ഗണേഷ് കുമാർ തയ്യാറായിരുന്നില്ല. തന്നിൽ ഔഷധ ഗുണമില്ലെന്നും തന്നെ വിട്ടേക്കൂവെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗണേഷ് കുമാർ പ്രതികരിച്ചത്. 23 വർഷം മാധ്യമങ്ങൾ തന്നെ വേട്ടയാടിയെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.