CMDRF

ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

കൊളംബോ: പരിശീലകനായി ഗംഭീറും നായകനായി സൂര്യകുമാറും സ്ഥാനമേറ്റതിന് ശേഷം ആദ്യ പരീക്ഷണത്തിന് ടി 20 ലോക ചാമ്പ്യന്മാരായ ഇന്ത്യ. ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യ ഇന്ന് ആതിഥേയരെ നേരിടും. ലോകകപ്പ് വിജയത്തിന് ശേഷമാണ് രാഹുല്‍ ദ്രാവിഡിന് പിന്‍ഗാമിയായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനമേറ്റത്. ടി20യില്‍ നിന്നും രോഹിത് ശര്‍മ വിരമിച്ചതിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവിനെ നായകനായി നിയമിച്ചത്. അരങ്ങേറ്റം ഗംഭീരമാക്കാനുള്ള അവസരമാണ് ഇരുവര്‍ക്കും പരമ്പര.

ഐപിഎലില്‍ രണ്ടുതവണ കളിക്കാരനെന്ന നിലയിലും ഒരുതവണ ടീം മെന്റര്‍ എന്ന നിലയിലും കിരീടം നേടിയ ചരിത്രം ഗംഭീറിനുണ്ട്. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹര്‍ദിക് പാണ്ഡ്യ അടുത്ത ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിക്കവെയാണ് സൂര്യകുമാറിനെ തേടി അപ്രതീക്ഷിത ക്യാപ്റ്റന്‍സിയെത്തിയത്. വിരാട് കോഹ്ലി , രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള ആദ്യ ടൂര്‍ണമെന്റ് കൂടിയാണ് ഇത്. ശുഭ്മാന്‍ ഗില്‍, യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ്, റയാന്‍ പരാഗ് എന്നിവര്‍ മികച്ച പ്രകടനത്തിലൂടെ ടീമില്‍ സ്ഥിര സാന്നിധ്യമാകാനാകും ശ്രമം. ഓള്‍റൗണ്ടര്‍ ജഡേജയുടെ വിടവിലേക്ക് സ്ഥിരം എന്‍ട്രി പ്രതീക്ഷിച്ചാവും അക്സര്‍ പട്ടേലും പാണ്ഡ്യയും ശിവം ദുബെയും വാഷിങ്ടണ്‍ സുന്ദറും ഇറങ്ങുക. ബൗളിങ്ങില്‍ ബുംറയ്ക്ക് വിശ്രമം നല്‍കിയ സാഹചര്യത്തില്‍ അര്‍ഷദീപ് സിങ്ങും മുഹമ്മദ് സിറാജും പേസ് നിരയെ നയിക്കും.

ലോകകപ്പ് തോല്‍വിക്ക് ശേഷം ശ്രീലങ്കയും ഇടക്കാല പരിശീലകന്‍ സനത് ജയസൂര്യയുടെ ശിക്ഷണത്തിലാണ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്. ബാറ്റര്‍ ചരിത് അസലങ്കയാണ് ടീമിനെ നയിക്കുന്നത്. സമീപ ടൂര്‍ണമെന്റുകളിലും മത്സരങ്ങളിലും സമ്പൂര്‍ണ്ണ പരാജയമായിരുന്ന ശ്രീലങ്കന്‍ ടീം സനത് ജയസൂര്യയുടെ നേതൃത്വത്തില്‍ ഒരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. മൂന്ന് ടി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്

Top