CMDRF

ഇന്ന് ‘വേള്‍ഡ് വൈഡ് വെബ്’ ദിനം

ഇന്ന് ‘വേള്‍ഡ് വൈഡ് വെബ്’ ദിനം
ഇന്ന് ‘വേള്‍ഡ് വൈഡ് വെബ്’ ദിനം

വേള്‍ഡ് വൈഡ് വെബ് എന്ന ഇന്റര്‍നെറ്റ് ആദ്യമായി ലോകത്തിന് മുന്നിലെത്തിയ ദിവസമാണിത്. ലോകത്തെ തന്നെ മാറ്റിമറിച്ച, 1991ല്‍ ജനനം കൊണ്ട് വേള്‍ഡ് വൈഡ് വെബിന്റെ 34-ാം വര്‍ഷം.1989ല്‍, സി.ഇ.ആര്‍.എന്നില്‍ ജോലി ചെയ്യുകയായിരുന്ന ബ്രീട്ടീഷ് കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ടിം ബെര്‍ണേഴ്സ് ലീയുടെ ആശയമായിരുന്നു ഇന്ന് വെബ് എന്നറിയപ്പെടുന്ന വേള്‍ഡ് വൈഡ് വെബ്. തുടക്കത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ തമ്മില്‍ ആശയങ്ങള്‍ പങ്കുവെക്കാനുള്ള മാര്‍ഗമായിട്ടായിരുന്നു വെബിനെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ വെബ് വളരുകയും ലോകമെമ്പാടുമുള്ള ആളുകളിലേക്കെത്തുകയും ചെയ്തു. ബെര്‍ണേഴ്സ് ലിയുടെ കമ്പ്യൂട്ടറില്‍ ആദ്യമായി ഹോസ്റ്റ് ചെയ്യപ്പെട്ട വെബ്‌സൈറ്റിന് 1991ല്‍ ജീവന്‍ വെക്കുകയായിരുന്നു.

പരസ്പരബന്ധിതമായ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളുടെ രൂപത്തിലല്ല ബെര്‍ണേഴ്സ്-ലീ ഇന്റര്‍നെറ്റ് കണ്ടുപിടിച്ചത്. 1960കളില്‍ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ മെച്ചപ്പെട്ടപ്പോള്‍, നെറ്റ്വര്‍ക്കിംഗ് ഒരു പ്രധാന വികസന മേഖലയായി മാറിയിരുന്നു. യുഎസ് പ്രതിരോധ വകുപ്പായിരുന്നു ഗവേഷണത്തിനുള്ള ധനസ്രോതസ്സ്. ഇന്റര്‍നെറ്റ് എന്ന വാക്ക് 1974 മുതലാണ് ഉപയോഗിച്ച് തുടങ്ങിയത്. 1982 ആയപ്പോഴേക്കും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സ്യൂട്ട് നിലവില്‍ വന്നു. വിവിധ തരത്തിലുള്ള നെറ്റ്വര്‍ക്കുകള്‍ വിപുലീകരിക്കുകയും സൂപ്പര്‍ കമ്പ്യൂട്ടറുകളിലേക്കുള്ള മാറ്റത്തിലൂടെ ബെര്‍ണേഴ്‌സ്-ലി രൂപപ്പെടുത്തിയ ഇന്റര്‍നെറ്റിനേക്കാള്‍ വിവരങ്ങള്‍ പങ്കിടാനുള്ള വേഗത വളരെയധികം വര്‍ധിക്കുകയും ചെയ്തു. ലോകത്ത് വേള്‍ഡ് വൈഡ് വെബിന്റെ പ്രാധാന്യത്തെ ഒരിക്കല്‍ പോലും നിഷേധിക്കാന്‍ സാധിക്കില്ല.

ലോകത്തെ ബന്ധിപ്പിക്കുന്ന ഒരുപാട് വിവരങ്ങള്‍ ലഭിക്കുന്ന മേഖലയാണ് വെബ്. വെബിന്റെ സഹായത്തോടെ ഒരുപാട് കാര്യങ്ങള്‍ അറിയാനും പങ്കുവെക്കാനും കണ്ടന്റ്‌റ് ഉണ്ടാക്കാനും എളുപ്പം സാധിക്കും. പൊതുവെ ഇന്റര്‍നെറ്റിനെയും വെബിനെയും ഒരുപോലെയാണ് പറയാറുള്ളതെങ്കിലും ഇന്റര്‍നെറ്റിന്റെ ഒരു ഭാഗം മാത്രമാണ് വെബ്. അനന്തമായ അറകളുള്ള ഒരു ഡിജിറ്റല്‍ ലൈബ്രറിയാണിത്. മറ്റൊരുപാട് പേര്‍ക്ക് ഈ അറയിലേക്ക് കണക്ട് ചെയ്യാം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ട്വിറ്റര്‍ എന്നിവയെല്ലാം ഈ വേള്‍ഡ് വൈഡ് വെബിന്റെ ഉദാഹരണങ്ങളാണ്. ഇവയെ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റ് എന്നാണ് അറിയപ്പെടുന്നത്.

ഇന്റര്‍നെറ്റിന്/വെബ്‌സൈറ്റിന് മുമ്പ് ആളുകള്‍ കത്തെഴുതുകയോ പരസ്പരം ടെലിഫോണില്‍ സംസാരിക്കുകയുമൊക്കെയായിരുന്നു ചെയ്തത്. എന്നാല്‍ ഇന്ന് വിരല്‍ തുമ്പില്‍ ലഭ്യമാണ് എല്ലാം. ഷോപ്പിങ് നടത്താന്‍ ആളുകള്‍ പുറത്തുപോയെ മതിയാവുമായിരുന്നുള്ളു. അറിവ് നേടാന്‍ വായിക്കണമായിരുന്നു. സംഗീതം കേള്‍ക്കാന്‍ റേഡിയോ അല്ലെങ്കില്‍ ടേപ്പ് റെക്കോര്‍ഡര്‍ എന്നിവയെ ആശ്രയിക്കണമായിരുന്നു. എന്നാല്‍ ഇന്ന് ഇതെല്ലാം ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കും.ഇന്ന് ലോകത്ത് ഇന്റര്‍നെറ്റില്ലാത്തയൊരു ജീവിതം ആലോചിക്കാന്‍ കൂടെ പറ്റില്ല. അത്രത്തോളം ഇന്റര്‍നെറ്റ് നമ്മുടെയെല്ലാം ജീവിതവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ജീവിതത്തെ എളുപ്പമാക്കാനും, ഒരുപാട് സഹായം തേടാനും ഇന്റര്‍നെറ്റ് ഒരു കാരണമാകാറുണ്ട്. ഒരു നാണയത്തിന് രണ്ട് വശങ്ങള്‍ ഉള്ളത് പോലെ ഇന്റര്‍നെറ്റിനും രണ്ട് വശങ്ങളുണ്ട്. ഒരുപാട് വ്യാജമായ കാര്യങ്ങളും തട്ടിപ്പുകളും ഇന്റര്‍നെറ്റില്‍ നടക്കുന്നുണ്ട്. എ.ഐ (AI), വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവ വളരുന്ന ഇക്കാലത്ത് വെബിന്റെയും ഇന്റര്‍നെറ്റിന്റെയും വളര്‍ച്ച മറ്റൊരു തലത്തിലോട്ട് പോകാനുള്ള സാധ്യതകളേറെയാണ്.

Top