CMDRF

ഇന്ന് വേൾഡ് വൈഡ് വെബ് ദിനം

ഇന്ന് വേൾഡ് വൈഡ് വെബ് ദിനം
ഇന്ന് വേൾഡ് വൈഡ് വെബ് ദിനം

ലോകം വിരൽത്തുമ്പിൽ ലഭിക്കുന്ന ഇന്ന് ഇന്റർനെറ്റിന്റെ അനിവാര്യത ആരെയും മനസിലാക്കികൊടുക്കേണ്ടതില്ല. ഇന്റർനെറ്റില്ലാതെ ഒരു ദിവസം തള്ളി നീക്കുന്നത് കഠിനമാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയിൽ ഓഗസ്റ്റ് 1 ന് പ്രത്യേകതയുണ്ട്. വിപ്ലവകര കണ്ടുപിടുത്തമായ വേൾഡ് വൈഡ് വെബ് ദിനം ആഘോഷിക്കുന്നത് ഇന്നാണ്. 1991 ൽ ജന്മം കൊണ്ട ലോകത്തെ തന്നെ മാറ്റിമറിച്ച വേൾഡ് വൈഡ് വെബിൻറെ 34-ാം വർഷം. 1989 ൽ സ്വിറ്റ്‌സർലഡിലെ സി.ഇ.ആർ.എന്നിൽ ( യൂറോപ്യൻ ഓർഗനൈസഷൻ ഫോർ ന്യൂക്ലിയാർ റിസർച്ച് ) ജോലി ചെയുന്ന സമയത്ത് ടിം ബെർണേഴ്‌സ് ലീ എന്ന ശാസ്ത്രജ്ഞനാണ് വെബ് ആശയം രൂപപ്പെടുത്തിയത്.

ഹൈപ്പർലിങ്ക്ഡ് ഡോക്യൂമെന്റുകളിലൂടെ ഗവേഷകർക്കിടയിൽ വിവരങ്ങൾ പങ്കിടാൻ സഹായിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. വിപുലമായ വികസനത്തിന് ശേഷം , ഈ സാങ്കേതിക വിദ്യ ആദ്യം സി.ഇ.ആർ.എന്നിന് പുറത്തുള്ള മറ്റ് ഗവേഷണ സ്ഥാപനങ്ങളുമായി 1991 ജനുവരിയിൽ പങ്കിടുകയും ഓഗസ്റ്റ് 23 ന് മുഴുവൻ ഇന്റർനെറ്റിലും ലഭ്യമാക്കുകയും ചെയ്തു. ഇത് അതിവേഗം വിജയം നേടി. തുടർന്നുള്ള രണ്ട് വർഷത്തിനുള്ളിൽ 50 വെബ്സൈറ്റുകൾ സൃഷ്ടിച്ചു. ഇന്ന് ലോകത്തെ മുഴുവൻ ബന്ധിപ്പിക്കാൻ ഇൻറർനെറ്റിന് സാധിക്കുന്നു.

മനുഷ്യൻറെ ദൈനംദിന ജീവിതത്തിലും ചിന്താശേഷിയിലുമെല്ലാം നിർണായകമായ ഇടപെടലുകൾ ഇൻറർനെറ്റ് നടത്തുന്നുണ്ട്. പൊതുവെ ഇൻറർനെറ്റിനെയും വെബിനെയും ഒരുപോലെയാണ് പറയാറുള്ളതെങ്കിലും ഇൻറർനെറ്റിൻറെ ഒരു ഭാഗം മാത്രമാണ് വെബ്. അനന്തമായ അറകളുള്ള ഒരു ഡിജിറ്റൽ ലൈബ്രറിയാണിത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ട്വിറ്റർ എന്നിവയെല്ലാം ഈ വേൾഡ് വൈഡ് വെബിന്റെ ഉദാഹരണങ്ങളാണ്. ഇവയെ സോഷ്യൽ മീഡിയ വെബ്സൈറ്റ് എന്നാണ് അറിയപ്പെടുന്നത്. ഷോപ്പിങ്ങിനായി പുറത്ത് പോകണമായിരുന്നു, അറിവ് നേടാൻ വായിക്കണമായിരുന്നു, സംഗീതം കേൾക്കാൻ റേഡിയോ അല്ലെങ്കിൽ ടേപ്പ് റെക്കോർഡർ എന്നിവയെ ആശ്രയിക്കണമായിരുന്നു, എന്നാൽ ഇന്ന് ഇതെല്ലാം ഇന്റർനെറ്റിൽ നിന്നും ലഭിക്കും. മനുഷ്യൻറെ ഇൻറലിജെൻസിൻറെ പ്രതീകം കൂടിയാണ് ഇന്റർനെറ്റ്. എ.ഐയിലും വെർച്ച്വൽ റിയാലിറ്റിയിലും എത്തിനിൽക്കുന്ന ഇന്റർനെറ്റിന്റെ സാധ്യത അനന്തമാണ്.

Top