ടോം ക്രൂസിന്റെ ആക്ഷൻ ഹൈലൈറ്റ്, മറക്കില്ല ഒരിക്കലും!! അവസാന ദിനത്തിലും ആവേശമായി പാരിസ് ഒളിംപിക്സ്

ടോം ക്രൂസിന്റെ ആക്ഷൻ ഹൈലൈറ്റ്, മറക്കില്ല ഒരിക്കലും!! അവസാന ദിനത്തിലും ആവേശമായി പാരിസ് ഒളിംപിക്സ്
ടോം ക്രൂസിന്റെ ആക്ഷൻ ഹൈലൈറ്റ്, മറക്കില്ല ഒരിക്കലും!! അവസാന ദിനത്തിലും ആവേശമായി പാരിസ് ഒളിംപിക്സ്

പാരിസ്: ഉദ്ഘാടനച്ചടങ്ങുപോലെ ആവേശോജ്വലമായിരുന്നു പാരിസ് ഒളിംപിക്സിന്റെ സമാപനച്ചടങ്ങും. ഹോളിവുഡ് നടൻ ടോം ക്രൂസിന്റെ ഒരു ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു ഹോളിവുഡ് സിനിമയ്ക്ക് സമാനമായ സമാപനച്ചടങ്ങ്. സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽനിന്നു ഗ്രൗണ്ടിലേക്ക് ഇരുമ്പുവടത്തിൽ ചാടിയിറങ്ങിയ ത്രില്ലർ നായകൻ, അടുത്ത ഒളിംപിക്സിനു വേദിയാകുന്ന ലൊസാഞ്ചലസിനു കൈമാറിയ ഒളിംപിക് പതാകയുമായി അതിവേഗത്തിൽ ബൈക്കിൽ സ്റ്റേഡിയം വിട്ടു.

യുഎസിലെത്തിയ വിമാനത്തിൽനിന്നു നായകന്റെ പാരാജംപിങ്. (പ്രീ റെക്കോർഡ് വീഡിയോ).പതാകയേറ്റുവാങ്ങിയ ഇതിഹാസ സ്പ്രിന്റർ മൈക്കൽ ജോൺസൺ ലൊസാഞ്ചലസിലെ തെരുവുകളിലൂടെ കൊടിയുമായി പ്രയാണം നടത്തി. എത്തിച്ചേർന്നതു കലിഫോർണിയയിലെ ലോങ് ബീച്ചിൽ. സ്നൂപ് ഡോഗ് ഉൾപ്പെടെയുള്ളവരുടെ പാട്ടും ആട്ടവും. തിരക്കഥയിൽനിന്നു വ്യത്യസ്തമായി അത്‌ലീറ്റുകൾ സ്റ്റേജ് കൈയ്യേറി.

ഫ്രഞ്ച് പോപ് ബാൻഡ് ഫീനിക്സിന്റെ പ്രകടനം തുടങ്ങുന്നതിനു തൊട്ടുമുൻപാണ്, ഗ്രൗണ്ടിന്റെ പല ഭാഗങ്ങളിലായി നിന്ന അത്‌ലീറ്റുകളെ സ്റ്റേജിന്റെ അടുത്തേക്കു ക്ഷണിച്ചത്. എന്നാൽ, അവരിൽ ചിലർ സ്റ്റേജിലേക്കു കയറിയതോടെ പരിപാടി തടസ്സപ്പെടുമെന്നായി. അത്‌ലീറ്റുകൾ സ്റ്റേജ് വിടണമെന്നു പലതവണ സ്റ്റേഡിയത്തിൽ അനൗൺസ്മെന്റ് മുഴങ്ങി. ഫ്രഞ്ച് ബാൻഡ് പാട്ട് തുടങ്ങിയപ്പോഴും സ്റ്റേജ് വിടാതെ ചിലർ ചുറ്റും കൂടിനിന്നു. ഒടുവിൽ സുരക്ഷാജീവനക്കാരെത്തിയാണു ‘പ്രശ്നക്കാരെ’ പിരിച്ചുവിട്ടത്.മൂന്നുമണിക്കൂർ നീണ്ട സമാപനച്ചടങ്ങ് കരിമരുന്നു പ്രകടനത്തോടെയാണ് അവസാനിച്ചത്.

അടുത്ത ഒളിംപിക്സിനു വേദിയാകുന്ന ലൊസാഞ്ചലസിനു വേണ്ടി മേയർ കരൻ ബാസ് ഒളിംപിക് പതാക ഏറ്റുവാങ്ങി. ജിംനാസ്റ്റിക്സിലെ സുവർണതാരം സിമോണി ബൈൽസിനു മേയർ പിന്നീടു പതാക കൈമാറി.പാരിസ് ഒളിംപിക്സിൽ ഫ്രാൻസിനായി സ്വർണവേട്ട നടത്തിയ നീന്തൽതാരം ലിയോ മർഷോൻ ഒളിംപിക് ദീപവുമായി ചടങ്ങിനൊടുവിൽ സ്റ്റേഡിയത്തിൽ പ്രവേശിച്ചു.

വിവിധ ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ചെത്തിയ അത്‌ലീറ്റുകളായ എല്യൂദ് കിപ്ചോഗി (ആഫ്രിക്ക – മാരത്തൺ), സൺ യിങ്ഷ (ഏഷ്യ – ടേബിൾ ടെന്നിസ്), മിയൻ ലോപ്പസ് (ഗുസ്തി – അമേരിക്ക), ടെഡി റൈനർ (ജ‍ൂഡോ – യൂറോപ്പ്), എമ്മ മക്കിയൺ (നീന്തൽ – ഓഷ്യാനിയ) എന്നിവരും അഭയാർഥി ടീമിന്റെ പ്രതിനിധിയായി എത്തിയ സിൻഡി എൻഗാംബയും ലിയോയും ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ചേർന്ന് ദീപം ഊതിയണച്ചു.

Top