റിയാദ്: ഹജ്ജ് സീസൺ പ്രമാണിച്ച് താത്കാലികമായി നിർത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസ അടുത്തമാസം മുതൽ പുനഃരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് അറിയിച്ചു. വിസയ്ക്കായി ആഗസ്റ്റ് മുതൽ അപേക്ഷിക്കാം. 2019ലാണ് 44 രാജ്യങ്ങൾക്ക് ഓൺലൈനായി ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയത്. മറ്റ് രാജ്യങ്ങളിൽ നിന്ന് ആവശ്യമുണ്ടായതിനെ തുടർന്ന് രാജ്യങ്ങളുടെ എണ്ണം 66 ആയി ഉയർത്തി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വിസ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി മാറിക്കഴിഞ്ഞുവെന്ന് ഇ-വിസയുടെ സ്വാധീനത്തെ കുറിച്ച് സംസാരിക്കവേ മന്ത്രി പറഞ്ഞു. ഇ-വിസ സംവിധാനത്തിലൂടെയാണ് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ സൗദി വരവേൽക്കുന്നത്.
വിനോദസഞ്ചാരത്തിനായി ഒരു വർഷം വരെ കാലാവധിയുള്ള വിസയാണ് അനുവദിക്കുന്നത്. തുടർച്ചയായി 90 ദിവസമാണ് രാജ്യത്തിന് തങ്ങാനുള്ള അനുമതി. ഒരു വർഷത്തിനിടെ എത്ര തവണയും ഈ വിസയിൽ രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരാം. എന്നാൽ രാജ്യത്ത് തങ്ങുന്ന ആകെ ദിവസങ്ങളുടെ 90 മാത്രമായിരിക്കും. എന്നാൽ ഒന്നിലധികം തവണ സന്ദർശന വിസ നേടാനുള്ള അവസരമുണ്ട്. ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ പോർട്ടൽ വഴിയോ സൗദി അറേബ്യയിൽ എത്തുമ്പോൾ എയർപ്പോർട്ടിലെ പാസ്പോർട്ട് സെക്ഷനിലെ ‘വിസ ഇഷ്യൂവൻസ് ഔട്ട്ലെറ്റു’കൾ വഴിയോ ഓൺലൈനായി ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കിരീടാവകാശിയുടെ നിർദേശത്തെതുടർന്ന് ടൂറിസം മേഖല വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സൗകര്യമെന്ന് മന്ത്രി അറിയിച്ചു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ സൗദി സമ്പദ്വ്യവസ്ഥയിലേക്ക് വന്ന വരുമാനത്തിന്റെ അഞ്ച് ശതമാനം ടൂറിസത്തിന്റെതാണ്. കഴിഞ്ഞ വർഷം 10.9 കോടി വിനോദസഞ്ചാരികളെ എത്തിക്കാൻ രാജ്യത്തിന് കഴിഞ്ഞു. അതിൽ രാജ്യത്തിന് പുറത്തുനിന്ന് വന്നത് 2.7 കോടി വിനോദസഞ്ചാരികളാണ്.
ടൂറിസം മേഖലയെ അന്താരാഷ്ട്ര രാജ്യങ്ങളുടെ നിരയിലേക്ക് കൊണ്ടുവരുന്നതിൽ രാജ്യം മുൻഗണന നൽകുന്നു. വൈവിധ്യമാർന്ന ചരിത്രവും വിനോദസഞ്ചാര കേന്ദ്രങ്ങളുമുള്ള സൗദിയെ ഒരു ഭൂഖണ്ഡമായി കണക്കാക്കുന്നു. ഭാവിയിൽ അതിഥികൾക്ക് സൗദി സംസ്കാരം അറിയിക്കാൻ ആശ്രയിക്കാവുന്ന യുവാക്കളുടെയും യുവതികളുടെയും വലിയൊരു മനുഷ്യശേഷി രാജ്യത്തിനുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിൽ 153 ശതമാനം വളർച്ച കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞു.