ദോഹ: ചൂടുകാലം മാറി തണുപ്പിനെ വരവേല്‍ക്കാനൊരുങ്ങുന്ന അറബ് മേഖലയില്‍ പുതിയ വിനോദ സഞ്ചാര സീസണിനും തുടക്കമാകുന്നു. ചുട്ടുപൊള്ളിയ വേനല്‍ക്കാലത്തില്‍ നിന്ന് രാത്രിയിലും പകലിലും സ്വസ്ഥമായ അന്തരീക്ഷത്തിലേക്ക് നാട് മാറുന്നതിനൊപ്പം സഞ്ചാരികളുടെ വരവിലും വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
ജി.സി.സി രാജ്യങ്ങളിലെല്ലാം ഈ വര്‍ഷം സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്ന് ട്രാവല്‍ ആന്‍ഡ് ടൂര്‍ വേള്‍ഡ് ഉള്‍പ്പെടെ അന്താരാഷ്ട്ര ടൂറിസം ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഖത്തറില്‍ മുന്‍ വര്‍ഷത്തേക്കാള്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഈ വര്‍ഷം ആദ്യ എട്ടു മാസത്തിനിടെ ഖത്തറിലെത്തിയ സഞ്ചാരികളുടെ എണ്ണം 33 ലക്ഷം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 26 ശതമാനത്തോളം വര്‍ധനയാണിത്.
കഴിഞ്ഞ വര്‍ഷം 40 ലക്ഷമായിരുന്നു ഖത്തറിലെ വിദേശ വിനോദ സഞ്ചാരികളെങ്കില്‍ ഇത്തവണ അത് 45 ലക്ഷമായി ഉയരുമെന്നാണ് ഖത്തര്‍ ടൂറിസം ഉള്‍പ്പടെയുള്ളവരുടെ കണക്കുകൂട്ടല്‍. 2025ല്‍ അത് 49 ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ ഖത്തറിലെ സന്ദര്‍ശകരുടെ എണ്ണം 3.28 ലക്ഷമായിരുന്നു. മുന്‍വര്‍ഷം ഇത് 2.64 ലക്ഷവുമായിരുന്നു. പ്രതികൂല കാലാവസ്ഥയിലും ഉണ്ടായ വര്‍ധന ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത് അയല്‍ രാജ്യമായ സൗദിയില്‍ നിന്നാണ്, 9.43 ലക്ഷം പേര്‍. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണുള്ളത് 2.62 ലക്ഷം പേര്‍.
മൂന്നാം സ്ഥാനത്ത് ബഹ്‌റൈനും (1.50 ലക്ഷം). ബ്രിട്ടന്‍, അമേരിക്ക, കുവൈത്ത്, ഒമാന്‍, ജര്‍മനി, യു.എ.ഇ, ചൈന എന്നിവിടങ്ങളില്‍ നിന്നും വര്‍ധിച്ച തോതില്‍ സഞ്ചാരികളെത്തുന്നുണ്ട്. ആഗസ്റ്റില്‍ രാജ്യത്തേക്കുള്ള സന്ദര്‍ശകരില്‍ 2.11 ലക്ഷം വ്യോമ മാര്‍ഗമാണെത്തിയതെങ്കില്‍ 1.16 ലക്ഷം പേര്‍ അബൂ സംറ അതിര്‍ത്തി കടന്നാണ് വന്നത്.
Also Read:രാജ്യാന്തര വിനോദസഞ്ചാര വളര്‍ച്ചയില്‍ മുന്നേറ്റം തുടർന്ന് സൗദി
ശൈത്യകാലം ആരംഭിക്കുന്നതോടെ വിവിധ വിനോദ, വിജ്ഞാന, കായിക പരിപാടികള്‍ക്കും ഖത്തറില്‍ തുടക്കമാകും. ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്, മോട്ടോര്‍ റേസിങ്, ഫുഡ് ഫെസ്റ്റിവല്‍ എന്നിവക്കു പുറമെ, ഡിസംബറില്‍ ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിനും ഖത്തര്‍ വേദിയാവുകയാണ്.
അന്താരാഷ്ട്ര യാത്രികരുടെ ട്രാന്‍സിറ്റ് ഹബ് എന്ന നിലയില്‍ ഹമദ് വിമാനത്താവളത്തിനും ഇത് നേട്ടങ്ങളുടെ കാലമാണ്. കഴിഞ്ഞ എട്ടുമാസത്തിനിടെ 4.87 കോടി യാത്രക്കാര്‍ ഹമദ് വിമാനത്താവളം വഴി കടന്നുപോയെന്നാണ് റെക്കോഡുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.5 ശതമാനം വര്‍ധനയാണിത്.