ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ബോളിവുഡിലെയും തെലുങ്കിലെയും മുൻനിര നിർമാണ കമ്പനികളാണ് ചിത്രത്തിന്റെ അന്യ ഭാഷ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ‘പുഷ്പ’, ‘ജനത ഗാരേജ്’ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് എ ആർ എമ്മിന്റെ തെലുങ്ക് വിതരണാവകാശത്തിന്റെ ചുമതല. ‘ബാഹുബലി’, ‘കാന്താര’, ‘കെജിഎഫ്’, ‘കൽക്കി 2898 എ ഡി’, ‘പുഷ്പ’ എന്നീ സിനിമകൾ ബോളിവുഡ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച എഎ ഫിലിംസിനാണ് ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ ഹിന്ദി വിതരണാവകാശം. ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ് ചിത്രം ഓവർസീസിൽ എത്തിക്കുക. ‘ഗുരുവായൂർ അമ്പലനടയിൽ’, ‘വാഴ’, ‘അഡിഗോസ് അമിഗോ’ എന്നീ ചിത്രങ്ങളാണ് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ഓവർസീസ് വിതരണത്തിനെടുത്ത മറ്റു മലയാള സിനിമകൾ.
സിനിമയുടെ കന്നഡ വിതരണാവകാശം പ്രമുഖ നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് സ്വന്തമാക്കിയത് ടൊവിനോ തോമസ് തന്റെ സോഷ്യൽ മീഡിയയിലൂടെ നേരത്തെ പുറത്തുവിട്ടിരുന്നു. സെപ്റ്റംബറിൽ ഓണം റിലീസായാണ് ചിത്രം തിയേറ്ററിലെത്തുക. പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോളിൽ ആണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്.
1900, 1950, 1990 കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. 118 ദിവസങ്ങളെടുത്ത് ഒറ്റ ഷെഡ്യൂളിലാണ് അജയന്റെ രണ്ടാംമോഷണം ചിത്രീകരണം പൂർത്തിയാക്കിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷത്തിൽ എത്തുന്നത്. കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് ‘എആർഎം’. മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമ്മാതാക്കൾ. എക്‌സിക്യുട്ടീവ് പ്രൊഡ്യസർ ഡോ. വിനീത് എം.ബി.