കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി ഒന്നു മുതല്‍ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്. 12 വര്‍ഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് ആവശ്യം.
കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ കെ കൃഷ്ണനും ശിക്ഷയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം വലിയ വിവാദമായതിനു പിന്നാലെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.