തിരുവന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കെകെ രമ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി നല്‍കിയില്ല. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കമില്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. അതേസമയം, അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം കയര്‍ത്തതോടെ സഭ പിരിഞ്ഞു.
സര്‍ക്കാരിനെ ഭയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു. സ്പീക്കര്‍ പറഞ്ഞത് അനൗചിത്യമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
വിഷയത്തില്‍ സഭക്ക് അകത്തും പുറത്തും വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതേസമയം ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തിനെതിരെ കെകെ രമ എംഎല്‍എ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്‍കും. മൂന്ന് പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ഹൈക്കോടതി വിധി മറികടന്നാണ് ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു.