CMDRF

തെറ്റുചെയ്ത ആരെയും സംരക്ഷിക്കില്ല, കടുത്തനടപടിക്ക് വിധേയമാക്കും എന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്; ടി.പി. രാമകൃഷ്ണന്‍

ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല ഒരാളെ ശിക്ഷിക്കുക

തെറ്റുചെയ്ത ആരെയും സംരക്ഷിക്കില്ല, കടുത്തനടപടിക്ക് വിധേയമാക്കും എന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്; ടി.പി. രാമകൃഷ്ണന്‍
തെറ്റുചെയ്ത ആരെയും സംരക്ഷിക്കില്ല, കടുത്തനടപടിക്ക് വിധേയമാക്കും എന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്; ടി.പി. രാമകൃഷ്ണന്‍

തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളെ കണ്ടതല്ല, എന്തിനുകണ്ടുവെന്നതാണ് പ്രശ്‌നമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല ഒരാളെ ശിക്ഷിക്കുക. അത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടപടികളില്‍ ഇടതുമുന്നണിക്ക് അതൃപ്തിയുമില്ല. അന്വേഷണറിപ്പോര്‍ട്ടുവരെ കാത്തിരിക്കാമെന്നും കണ്‍വീനറായി ചുമതലയേറ്റശേഷമുള്ള ആദ്യയോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പി.വി. അന്‍വര്‍ നല്‍കിയ പരാതിയിലും തൃശ്ശൂര്‍പ്പൂരവുമായി ബന്ധപ്പെട്ട പരാതികളിലും അജിത്കുമാറിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. അവയെല്ലാം ആഭ്യന്തരവകുപ്പ് സമഗ്രമായി പരിശോധിക്കുന്നുണ്ട്. തെറ്റുചെയ്ത ആരെയും സംരക്ഷിക്കില്ല. കടുത്തനടപടിക്ക് വിധേയമാക്കും എന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ആരോപണം നേരിടുന്നവര്‍ ഇരിക്കുമ്പോള്‍ത്തന്നെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.അന്‍വര്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത ആരോപണത്തില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. ഇനിയും എഴുതിനല്‍കിയാല്‍ അതും അന്വേഷിക്കും. പാര്‍ട്ടിക്കുമുന്നില്‍ നിലവില്‍ ശശിക്കെതിരേ ഒരു പരാതിയുമില്ല.

പി.വി. അന്‍വര്‍ ഇടതുമുന്നണിയിലെ ഒരംഗമാണ്. അദ്ദേഹമാണ് നയരൂപവത്കരണം നടത്തുന്നതെന്ന ധാരണ വേണ്ടാ. എല്ലാദിവസവും ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിലെല്ലാം അന്വേഷണം നടക്കുന്നുണ്ട്.എ.ഡി.ജി.പി.യെ മാറ്റണമെന്ന് സി.പി.ഐ. ആവശ്യം ഉന്നയിക്കുന്നതില്‍ പ്രശ്‌നമില്ല. ഫോണ്‍ ചോര്‍ത്തല്‍ ഒരുതരത്തിലും പിന്തുണയ്ക്കാനാവില്ല. ആരുചെയ്താലും തെറ്റാണ്. അതുസംബന്ധിച്ച ആരു പരാതി നല്‍കിയാലും അന്വേഷിക്കും.

ഷംസീറിന്റെ അഭിപ്രായപ്രകടനം സ്വതന്ത്രമാണെന്നും സ്പീക്കര്‍ എന്നത് സ്വതന്ത്രപദവിയാണെന്നുമായിരുന്നു ടി.പി. രാമകൃഷ്ണന്റെ പ്രതികരണം. ഷംസീര്‍ എന്തു പറയണമെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. അതിനോട് പ്രതികരിക്കുന്നില്ല.ഇ.പി. ജയരാജനെ മുന്നണി കണ്‍വീനര്‍സ്ഥാനത്തുനിന്ന് മാറ്റിയത് ജാവഡേക്കറെ കണ്ടതിനല്ല. സംഘടനാപരമായ തീരുമാനമാണത്. നാളെ തന്നെയും മാറ്റിയേക്കും. അത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Top