CMDRF

ഓണത്തിനുള്ള നല്ല അസ്സൽ സാമ്പാര്‍

ഓണത്തിനുള്ള നല്ല അസ്സൽ സാമ്പാര്‍
ഓണത്തിനുള്ള നല്ല അസ്സൽ സാമ്പാര്‍

സാമ്പാറില്ലാത സദ്യയില്ല. നല്ല ചൂട് ചോറിനു നടുവിലേക്ക് പച്ചക്കറികളെല്ലാം അണിനിരന്ന നല്ല സ്വാദുള്ള സാമ്പാർ ഒഴിച്ച് കഴിച്ചു തുടങ്ങിയാലെ സദ്യ, സദ്യയാവുകയുള്ളു. പച്ചക്കറികളും പരിപ്പും കായവും എല്ലാം ചേർന്ന സാമ്പാറിന്റെ രുചി ഇഷ്ടമല്ലാത്ത മലയാളികളില്ല. ഓണത്തിന്
വേ​ഗം തയ്യാറാക്കാൻ പറ്റിയ സാമ്പാറിന്റെ ഒരു എളുപ്പവഴി നോക്കാം.

ചേരുവകള്‍

•സാമ്പാര്‍ പരിപ്പ് – 1 കപ്പ്
•കഷണങ്ങളാക്കിയ വെള്ളരിക്ക – ½ കപ്പ്
•കഷണങ്ങളാക്കിയ പടവലങ്ങ – ½ കപ്പ്
•കഷണങ്ങളാക്കിയ കത്തിരിക്ക – ½ കപ്പ്
•കഷണങ്ങളാക്കിയ മത്തങ്ങ – ½ കപ്പ്
•കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് – ¼ കപ്പ്
•കഷണങ്ങളാക്കിയ ബീൻസ് – ¼ കപ്പ്
•തൊലി കളഞ്ഞ ചെറിയ ഉള്ളി – ½ കപ്പ്
•തക്കാളി വലുതായി അരിഞ്ഞത് – ½ കപ്പ്
•കഷണങ്ങളാക്കിയ മുരിങ്ങയ്ക്ക – ½ കപ്പ്
•വാളന്‍പുളി – നെല്ലിക്ക വലുപ്പത്തില്‍
•മല്ലിപൊടി – 1 ¼ ടേബിള്‍സ്പൂണ്‍
•കശ്മീരി മുളകുപൊടി – 1 ¼ ടേബിള്‍സ്പൂണ്‍
•മഞ്ഞള്‍പൊടി – 1 നുള്ള്
•കായപൊടി – 1/2 ടീസ്പൂണ്‍
•ഉലുവപൊടി – 1 നുള്ള്
•ജീരകപൊടി – 1/2 ടീസ്പൂണ്‍
•കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
•വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
•കടുക് – 1 ടീസ്പൂണ്‍
•വറ്റല്‍മുളക് – 3 എണ്ണം
•ചെറിയ ഉള്ളി – 5 എണ്ണം
•കറിവേപ്പില – 2 ഇതള്‍
•വെള്ളം – ആവശ്യത്തിന്
•ഉപ്പ് – ആവശ്യത്തിന്
•കൊത്തമല്ലിയില – ¼ കപ്പ്

തയാറാക്കുന്ന വിധം

•കഴുകിയ പരിപ്പ് കുക്കറിലേക്കു ഇടുക. പച്ചക്കറികള്‍ നന്നായി കഴുകിയെടുക്കുക. മുരിങ്ങക്കായ് 2 ഇഞ്ച്‌ നീളത്തിലും മറ്റ് പച്ചക്കറികള്‍ ഇടത്തരം കഷ്ണങ്ങളായും മുറിക്കുക. പച്ചമുളക് നീളത്തില്‍ കീറുകയും ഉള്ളി ചെറുതായി അരിയുകയും ചെയ്യുക.

•പ്രഷര്‍ കുക്കറില്‍ പരിപ്പും, പച്ചക്കറികളും മഞ്ഞള്‍പൊടിയും, ഉപ്പും ആവശ്യത്തിന് വെള്ളം (പച്ചക്കറികള്‍ മുങ്ങികിടക്കാന്‍ പാകത്തിന്)ചേര്‍ത്ത് വേവിക്കുക. ഒരു വിസില്‍ വന്നാൽ തീ അണയ്ക്കുക.

•വാളന്‍ പുളി ½ കപ്പ്‌ വെള്ളത്തില്‍ 5 മിനിറ്റ് നേരം കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.

•ആവി പോയതിനു ശേഷം കുക്കർ തുറക്കാം. ഇനി ഒരു പാത്രത്തിലേക്ക് കുക്കറിൽ നിന്ന് അര ഗ്ലാസ് വെള്ളം, മല്ലിപൊടി (1 ¼ ടേബിള്‍സ്പൂണ്‍), കശ്മീരി മുളകുപൊടി (1 ¼ ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (1 നുള്ള്), കായപൊടി (3/4 ടീസ്പൂണ്‍), ഉലുവപൊടി (1 നുള്ള്), ജീരകപൊടി (1/2 ടീസ്പൂണ്‍), കുരുമുളക് പൊടി (1/2 ടീസ്പൂണ്‍),പുളി വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. കുക്കറിലേക്ക് ഈ മിശ്രിതം ചേര്‍ത്ത് 2 മിനിറ്റ് നേരം തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക. മല്ലയില കൂടി അരിഞ്ഞു ചേർത്ത് തീ ഓഫ് ആക്കാം.

•ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കുക. സ്വാദിഷ്ടമായ സാമ്പാർ തയ്യാർ.

Top