ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മേയ് മാസത്തിൽ പ്രഖ്യാപിച്ച ഗതാഗത നിയമലംഘന കേസുകളിലെ പിഴയിളവുകൾ ശനിയാഴ്ചയോടെ അവസാനിക്കുന്നു. 50 ശതമാനം ഇളവോടെ പിഴ അടച്ച് നിയമ നടപടികൾ ഒഴിവാക്കാൻ അവസാനമായി നൽകിയ ഇളവുകാലം (ആഗസ്റ്റ് 31) ഇന്ന് അവസാനിക്കും. ജൂൺ ഒന്നുമുതൽ മൂന്നു മാസത്തേക്ക് അനുവദിച്ച കാലാവധിയാണ് അവസാനിക്കുന്നത്. മേയ് മാസത്തിലായിരുന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം വിവിധ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴയിൽ ഇളവ് ഉൾപ്പെടെയുള്ള നിർദേശങ്ങൾ പ്രഖ്യാപിച്ചത്. ചുമത്തിയ പിഴ 50 ശതമാനം ഇളവോടെ മൂന്ന് മാസത്തിനുള്ളിൽ അടച്ചു തീർത്ത് നിയമ നടപടികൾ ഒഴിവാക്കാനുള്ള അവസരമായാണ് ഇത് മുന്നോട്ടുവെച്ചത്.
ഇതിനകംതന്നെ വാഹന ഉടമകളിൽ വലിയൊരു വിഭാഗവും ഈ ഇളവ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങൾ, സമൂഹ മാധ്യമ പേജുകൾ എന്നിവ വഴി മന്ത്രാലയം പ്രചാരണവും ശക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നു വർഷക്കാലത്തിനിടെ രേഖപ്പെടുത്തിയ നിയമ ലംഘനങ്ങൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുന്നത്. സ്വദേശികൾ, താമസക്കാർ, ജി.സി.സി പൗരന്മാർ, സന്ദർശകർ തുടങ്ങി എല്ലാവിഭാഗം വാഹന ഉടമകളും ഇത് ഉപയോഗപ്പെടുത്തി. പിഴയിലെ ഇളവുകാലം ശനിയാഴ്ച അവസാനിക്കുമ്പോൾ, ഞായറാഴ്ച മുതൽ യാത്രവിലക്ക് നിർദേശം പ്രാബല്യത്തിൽ വരും. ഖത്തറിൽ വിവിധ ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ പിഴയുള്ളവർക്കാണ് കര, വ്യോമ, കടൽ മാർഗം ഒന്നാം തീയതി മുതൽ യാത്രവിലക്കുണ്ടാവുക. ഇവർക്ക് പിഴ അടച്ചു തീർത്താൽ മാത്രമേ ഖത്തറിന് പുറത്തേക്ക് സഞ്ചരിക്കാനാവൂ.
Also Read:ഉഷ്ണമേഖലാ ന്യൂനമർദ്ദം ‘അസ്ന’ കൊടുങ്കാറ്റായി രൂപപ്പെടുന്നു
വാഹനമോടിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ ഇനി ജാഗ്രത പാലിക്കണം. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയുണ്ടോ എന്ന് മെട്രാഷ് ആപ് വഴി പരിശോധിച്ച് ഉറപ്പാക്കണം. ബന്ധുക്കളുടെ മരണം, ബിസിനസ് ആവശ്യം തുടങ്ങിയ എമർജൻസി സാഹചര്യങ്ങളിൽ വിമാനത്താവളത്തിലെത്തി യാത്ര മുടങ്ങുന്നത് ഒഴിവാക്കാൻ ഈ ജാഗ്രത സഹായിക്കും. ട്രാഫിക് പിഴ ഏതു സമയത്തും മെട്രാഷ് ആപ് വഴിയും ഓൺലൈനായും അടക്കാവുന്നതാണ്.