വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം

മണിക്കൂറുകൾ നീളുന്നു

വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം
വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം

കേളകം: കൊട്ടിയൂര്‍-വയനാട് ചുരം പാതയില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍പെട്ട് യാത്രക്കാര്‍ നരകിക്കുന്നു. വിള്ളല്‍ വീണ് ഗര്‍ത്തമായ തലശ്ശേരി ബാവലി അന്തര്‍ സംസ്ഥാനപാതയില്‍ പേരിയ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതോടെയാണ് കൊട്ടിയൂര്‍-പാല്‍ ചുരം-ബോയ്‌സ് ടൗണ്‍ ചുരം പാതയില്‍ വാഹനത്തിരക്കേറിയത്. ദീര്‍ഘദൂര ബസുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍, ചെങ്കല്‍ ലോറികള്‍ ഉള്‍പ്പെടെ പാതയിലൂടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോയി ഇടുങ്ങിയ പാതയില്‍ കുരുങ്ങുമ്പോള്‍ ഗതാഗത കുരുക്കഴിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം സ്ഥലത്തില്ല.

വയനാട് അതിര്‍ത്തിയില്‍ തലപ്പുഴ പൊലീസിന്റെയും, കണ്ണൂര്‍ അതിര്‍ത്തി കേളകം പൊലീസിന്റെയും പരിധിയിലാണ്. അതിര്‍ത്തിയില്‍ ആര് കുരുക്കഴിക്കുമെന്ന തര്‍ക്കമാണോ പ്രദേശത്ത് പൊലീസിന്റെ സേവനം നടപ്പാക്കാത്തതെന്നാണ് കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ ചോദ്യം. ഏത് വിധേനയും സ്ഥലത്ത് പൊലീസിനെ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പാല്‍ ചുരത്തും വയനാട് അതിര്‍ത്തിയായ ചെകുത്താന്‍ തോടിന് സമീപത്തും ഓരോ പൊലീസുകാരെ നിയോഗിച്ചാല്‍ ഗതാഗതം നിയന്ത്രണമാവുകയും, വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാനുമാകും. വ്യാഴാഴ്ച രാവിലെ ഏഴര മുതല്‍ ഒന്നര മണിക്കൂറോളം പാതയില്‍ ഗതാഗത സ്തംഭനമുണ്ടായിട്ടും തടസം നീക്കാന്‍ അധികൃതര്‍ ആരും എത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മണിക്കൂറുകള്‍ ഇടവിട്ട് പാതയില്‍ ഗതാഗത സ്തംഭനം തുടരുന്ന കാഴ്ചയാണ് ആഴ്ചകളായി തുടരുന്നത്. ജൂലൈ 30നാണ് തലശ്ശേരി ബാവലി അന്തര്‍ സംസ്ഥാന പാതയില്‍ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചത്.

Also Read:കാലടി ടൗണില്‍ തടിയുമായി വന്ന ലോറി അപകടത്തില്‍പ്പെട്ടു

കനത്ത മഴയെ തുടര്‍ന്ന് തലശ്ശേരി ബാവലി റോഡിലെ വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഭാഗത്ത് റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് അപകടസാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം ജില്ലാ ഭരണകൂടം നിരോധിച്ചതോടെ കൊട്ടിയൂര്‍ – പാല്‍ ചുരം -വയനാട് പാതയില്‍ വാഹനപ്രവാഹമാണ്. ഗതാഗത നിയന്ത്രണത്തിന് ഇരു ഭാഗങ്ങളിലും അടിയന്തരമായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നടപടിയുണ്ടായില്ലെങ്കില്‍ കേളകം, തലപ്പുഴ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് യാത്രക്കാരുടെ സംഘടനകള്‍.

Top