യാംബു: സൗദിയില്‍ ട്രാഫിക് അപകട മരണ നിരക്കില്‍ 50 ശതമാനവും, പരിക്കുകളുടെ എണ്ണത്തില്‍ 35 ശതമാനവും കുറവ് രേഖപ്പെടുത്തിയതായി സൗദി ആരോഗ്യ മന്ത്രിയും ഗതാഗത സുരക്ഷ സമിതി ചെയര്‍മാനുമായ ഫഹദ് ജലാജില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകളെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിച്ചതും ഗതാഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമുള്‍പ്പെടെയുള്ള ഘടകങ്ങളാണ് അപകട നിരക്ക് കുറയാന്‍ കാരണമെന്ന് അല്‍ ജലാജില്‍ പറഞ്ഞു. 2030ന് മുമ്പ് അപകടമരണങ്ങള്‍ 50 ശതമാനം കുറക്കുക എന്ന ആഗോള ലക്ഷ്യം 2023ല്‍ തന്നെ സൗദി അറേബ്യക്ക് കൈവരിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സൗദിയുടെ സമ്പൂര്‍ണ വികസന പദ്ധതിയായ വിഷന്‍ 2030 ലെ ലക്ഷ്യങ്ങളില്‍ ട്രാഫിക് രംഗത്തെ സുരക്ഷയൊരുക്കാനുള്ള വികസനം ഫലപ്രദമായി നടപ്പിലാക്കി വരുന്നതും ഏറെ ഫലം കണ്ടതായി വിലയിരുത്തുന്നു.
100,000 ത്തില്‍ എട്ട് മരണങ്ങള്‍ എന്ന നിലയില്‍ മൂന്നില്‍ രണ്ട് ശതമാനമായി കുറക്കാന്‍ ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നതായി നേരത്തേ ട്രാഫിക് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു. അപകട മരണങ്ങളുടെയും പരിക്കുകളുടെയും നിരക്കും ഭൗതിക നഷ്ടങ്ങളാല്‍ ഉണ്ടാവുന്ന സാമ്പത്തിക പ്രശ്‌നങ്ങ ളും ഇല്ലാതാക്കാനും അധികൃതര്‍ ട്രാഫിക് പരിഷ്‌കരങ്ങള്‍ വരുത്തുന്നതിലൂടെ ലക്ഷ്യമിടുന്നു ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കിയതോടെയാണ് അപകടങ്ങള്‍ ഗണ്യമായി കുറയാന്‍ കാര ണമായത്. എല്ലാ റോഡുകളിലും ഗതാഗത നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കുന്നതിന് പുറമെ ഗതാഗത ലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വിവിധ കാമ്പയിനുകളും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണങ്ങളും ഏറെ ഫലം കണ്ടു. റോഡപകടങ്ങള്‍ കുറച്ചു കൊണ്ടു വരുന്നതിനും ഗതാഗത സൗകര്യങ്ങള്‍ കാലോചിതമായി വിപുലപ്പെടുത്തുന്നതിനും വിഷന്‍ 2030 ന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.