പട്ന: ജോലിക്കിടെ എൻജിന്റെയും പവർ കാറിന്റെയും ഇടയിൽ കുടുങ്ങി റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. അമർ കുമാർ എന്നയാളാണ് മരിച്ചത്. കോച്ചുകളിൽ നിന്ന് എൻജിൻ വേർപെടുത്തുന്ന ജോലിക്കിടെ ബിഹാറിലെ ബറൗനി ജംഗ്ഷനിലാണ് ദാരുണമായ സംഭവം നടന്നത്.
പവർ കാറിന്റെ ബന്ധുക്കൾ അപകട സ്ഥലത്തെത്തി പ്രതിഷേധിച്ചു. റെയിൽവേ ജീവനക്കാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. കുറ്റക്കാരായ റെയിൽവേ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നതുവരെ പോസ്റ്റ്‌മോർട്ടം നടത്താൻ അധികൃതരെ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
Also Read: മണിപ്പൂരിൽ കർഷകർക്ക് നേരെ വെടിവെപ്പ്
സോൺപൂരിലെ ഡിവിഷണൽ റെയിൽവേ മാനേജർ വിവേക് ഭൂഷൺ സൂദ് സ്ഥലത്തെത്തി അപകടത്തിന് കാരണക്കാരായവരെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് അവർ പ്രതിഷേധം അവസാനിപ്പിച്ചത്.
‘പോയിന്‍റർ’മാരായ അമർ കുമാറും മുഹമ്മദ് സുലൈമാനുമാണ് എൻജിൻ വേർപെടുത്തുന്ന പണിയിലേർപ്പെട്ടിരുന്നത്. അപകടത്തിൽ ഉത്തരവാദി സുലൈമാനാണെന്നാണ് റെയിൽവേ പറയുന്നത്. തെറ്റായ സിഗ്നൽ നൽകിയത് മൂലമാണ് അപകടമുണ്ടായതെന്ന് റെയിൽവേ വ്യക്തമാക്കി. എന്നാൽ, സുലൈമാൻ അത് നിഷേധിച്ചു. അപകടത്തിന് കാരണം ലോക്കോ ഡ്രൈവറിന്റെ അനാസ്ഥയാണെന്ന് സുലെമാൻ ആരോപിച്ചു.
സെന്‍റർ ബഫർ കപ്ലർ വേർപെടുത്തി താനും കുമാറും എൻജിന്റെയും പവർ കാറിന്റെയും കണക്ഷൻ വിച്ഛേദിച്ചു. എൻജിൻ പവർ കാറിൽ നിന്ന് അകന്നപ്പോൾ കുമാർ ബഫർ കപ്ലർ അടക്കാൻ പോയി. ഈ സമയം ഡ്രൈവർ സിഗ്നലിന് കാത്തുനിൽക്കാതെ എൻജിൻ തിരിച്ചുവിട്ടതുമൂലമാണ് അമർ ബഫറുകൾക്കിടയിൽ കുടുങ്ങിയതെന്ന് സുലൈമാൻ പറഞ്ഞു.