കൊൽക്കത്ത: ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആളപായത്തിന്റെ വ്യാപ്തി കുറച്ചത് കാഞ്ചൻജംഗ എക്‌സ്പ്രസിന് പിന്നിലെ ഒരു ഗാർഡ് വാനും രണ്ട് പാർസൽ കോച്ചുകളും. കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ പിന്നിൽ ചരക്കുതീവണ്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതംമൂലം ഈ മൂന്ന് കോച്ചുകളിലുമാണ് കാര്യമായ നാശനഷ്ടമുണ്ടായത്. യാത്രക്കാരെ കയറ്റാത്ത കോച്ചുകളായതിനാൽ കൂടുതൽ ആളപായമൊഴിവായി.
അപകടത്തിൽ ഒമ്പതുപേർ മരിച്ചതായാണ് ഔദ്യോഗകി സ്ഥിരീകരണം. 15-ഓളം മരണമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. 41 പേർ പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ചവരിൽ ഒരാൾ ചരക്കുതീവണ്ടിയുടെ ലോക്കോപൈലറ്റും മറ്റൊരാൾ കാഞ്ചൻജംഗ എക്‌സപ്രസിന്റെ ഗാർഡുമാണ്. ഗാർഡ് വാനിന് തൊട്ടുപിന്നിലായി യാത്രക്കാരെ കയറ്റുന്നകോച്ചുകളായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വലുതാവുമായിരുന്നെന്നാണ് വിദഗ്ധർ പറയുന്നത്.
ത്രിപുരയിലെ സ്ബറൂമിൽനിന്ന് തീവണ്ടി യാത്ര ആരംഭിച്ചപ്പോൾ പാർസൽ വാൻ മുൻഭാഗത്തായിരുന്നു. അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തുള്ള ന്യൂ ജൽപായ്ഗുഡിക്ക് 18 സ്റ്റേഷനുകൾക്ക് മുമ്പ്, അസമിലെ ലുംദിങ്ങിൽവെച്ച് പാർസൽ വാൻ പിന്നിലേക്ക് മാറ്റിയിരുന്നു. ഇത് സ്ഥിരമായി ചെയ്തുവരുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
ഇടിയുടെ ആഘാതത്തിൽ ഗാർഡ് വാൻ പൂർണ്ണമായും തകർന്നു. അതിനുശേഷമുള്ള പാർസൽ വാൻ ചരക്കുതീവണ്ടിയുടെ എൻജിനിൽ ഇടിച്ചുകയറി അന്തരീക്ഷത്തിലേക്ക് ഉയർന്നുനിൽക്കുന്ന നിലയിലായിരുന്നു. പിന്നീടുള്ള ഒരു പാർസൽ വാനും യാത്രാകോച്ചും പാളം തെറ്റി. മരിച്ചവരിൽ എല്ലാവരും പാർസൽ വാനിന് ശേഷമുള്ള ജനറൽ കോച്ചിലുള്ളവരായിരുന്നു.
സിഗ്നലിങ്ങിലെ തകരാറും ചരക്കുതീവണ്ടിയുടെ ലോക്കോപൈലറ്റിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ യഥാർഥ കാരണം റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് സ്ഥലം സന്ദർശിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.