ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മരത്തടി; ആസൂത്രിത അട്ടിമറിയെന്ന് സംശയം

കാണ്‍പൂരിലെ പ്രേംപുര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ കാലിയായ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയിരുന്നു

ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മരത്തടി; ആസൂത്രിത അട്ടിമറിയെന്ന് സംശയം
ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മരത്തടി; ആസൂത്രിത അട്ടിമറിയെന്ന് സംശയം

ന്യൂഡല്‍ഹി: റെയില്‍പ്പാളത്തില്‍ ഉപേക്ഷിച്ച മരത്തടിയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചു. ആറുകിലോയോളം ഭാരമുള്ള മരത്തടിയാണ് ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ആളപായമില്ല. ഡല്‍ഹിക്കും ലഖ്‌നൗവിനുമിടയില്‍ ഓടുന്ന ബറേലി-വാരാണസി എക്‌സ്പ്രസ്സാണ് രണ്ടടി നീളമുള്ള മരത്തടിയില്‍ ഇടിച്ച് കുറച്ചുദൂരം തടിയും വലിച്ചിഴച്ച് പോയത്. തീവണ്ടിയുടെ ഇരുമ്പുവീലുകള്‍ക്കിടയില്‍ കുരുങ്ങിയ നിലിയിലായിരുന്നു പിന്നീട് മരത്തടി കണ്ടെടുത്തത്.

ലോക്കോപൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം അപകടംകൂടാതെ വണ്ടി നിര്‍ത്താന്‍ കഴിഞ്ഞു. ട്രാക്കിലെ സിഗ്നലിങ് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ലഖ്‌നൗ- ഹര്‍ദോയ് പാതയിലെ വണ്ടികള്‍ കുറേ നേരം നിര്‍ത്തിയിടേണ്ടി വന്നു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതിനുശേഷം വളരെ ശ്രദ്ധയോടെയാണ് ലോക്കോപൈലറ്റുമാര്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയത്.

Also Read: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ പാസായില്ല; പതിനേഴുകാരി ആത്മഹത്യ ചെയ്തു

മരത്തടിയില്‍ വണ്ടിയിടിച്ചതിനുശേഷം ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷനില്‍ അറിയിക്കുകയും അന്വേഷണോദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ വളരെ പണിപ്പെട്ടാണ് മരത്തടി ട്രാക്കില്‍ നിന്നും നീക്കം ചെയ്തത്. രണ്ടുമണിക്കൂറോളം ട്രെയിന്‍ ഗതാഗതം നിലച്ചു. ലോക്കോ പൈലറ്റ് സംഭവം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ആര്‍പിഎഫ് നടത്തിയ തിരച്ചിലില്‍ മരം മുറിക്കാനുപയോഗിക്കുന്ന ആയുധവും കണ്ടെത്തി. മലിഹാബാദ് പോലീസ് സ്‌റ്റേഷന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കാണ്‍പൂരിലെ പ്രേംപുര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ കാലിയായ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ ബര്‍ഹാന്‍പുര്‍ ജില്ലയില്‍ സൈനികര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന തീവണ്ടി സ്‌ഫോടനത്തില്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പത്ത് ഡിറ്റനേറ്ററുകള്‍ ട്രാക്കിനുസമീപം മുമ്പ് കണ്ടെത്തിയിരുന്നു.

Top