മുംബൈ; കനത്ത മഴയെ തുടർന്ന് ഗോവയിലെ തുരങ്കത്തിൽ വെള്ളവും ചെളിയും നിറഞ്ഞു മുടങ്ങിയ ട്രെയിൻ ഗതാഗതം ഇന്നലെ രാത്രി എട്ടരയോടെ പുനഃസ്ഥാപിച്ചു. കേരളത്തിലേക്കും തിരിച്ചുമുള്ള ഒട്ടേറെ ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് വെള്ളവും ചെളിയും നീക്കി ട്രെയിനുകൾ കടത്തിവിട്ടെങ്കിലും വീണ്ടും മഴ കനത്തതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. പാതയിൽ കുടുങ്ങിയ കേരളത്തിലേക്കുള്ള ട്രെയിനുകൾ പൻവേലിൽ തിരിച്ചെത്തിച്ച് പുണെ – ഗുണ്ടയ്ക്കൽ – ഇൗറോഡ് – പാലക്കാട് – ഷൊർണൂർ വഴി തിരിച്ചുവിട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിനു യാത്രക്കാർ ട്രെയിനുകളിൽ കുടുങ്ങി.
ഗോവയിലും വടക്കൻ കർണാടകയിലും 4 ദിവസം പെയ്ത കനത്ത മഴയിൽ നദികൾ കരകവിഞ്ഞ നിലയിലാണ്. മഴക്കെടുതികളിൽ 5 പേരാണ് മരിച്ചത്.