തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. വ്യാജ ഷെയര്‍ മാര്‍ക്കറ്റ് ആപ്ലിക്കേഷനുകള്‍ വഴി ഐടി എഞ്ചിനിയര്‍ക്ക് നഷ്ടമായത് 6 കോടി രൂപ. സ്ഥിരമായി ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും വിവിധ ഗ്രൂപ്പുകളില്‍ ചേര്‍ത്ത്, വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യിപ്പിച്ചു. പല കമ്പനികളുടെ ട്രേഡിങ്ങിനായി വിവിധ പേരിലുളള അക്കൗണ്ടുകളിലേക്കു ലക്ഷക്കണക്കിനു രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു. വന്‍തുകകള്‍ ലാഭം കിട്ടിയതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലാഭത്തിന്റെ 20 ശതമാനം തുക വീണ്ടും നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഒരു മാസക്കാലയളവില്‍ 6 കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ തട്ടിയത്. സംശയം തോന്നി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. തുടര്‍ന്നു നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി റജിസ്റ്റര്‍ ചെയ്തു. ദീര്‍ഘകാലം വിദേശത്ത് ഐടി മേഖലയില്‍ ജോലി നോക്കിയ ഇദ്ദേഹം വിരമിച്ചശേഷം നാട്ടിലെത്തി 2 വര്‍ഷമായി ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ സജീവമായിരുന്നു.
പ്രശസ്ത ട്രേഡിങ് കമ്പനികളുടെ വ്യാജപ്പതിപ്പുകള്‍ വഴി ധാരാളം പേരെ ഇത്തരത്തില്‍ തട്ടിപ്പില്‍ കുടുക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. പ്ലേസ്റ്റോറില്‍ നിന്നല്ലാതെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി കിട്ടുന്ന വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ 1930 എന്ന ഫോണ്‍ നമ്പരിലോ ംംം.ര്യയലൃരൃശാല.ഴീ്.ശി ലോ ഉടന്‍ പരാതി റജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് നിര്‍ദേശിച്ചു.