CMDRF

‘ബിജെപിയുടെ കണക്കുകളിലും വന്‍ നിയമലംഘനം’; അജയ് മാക്കന്‍

‘ബിജെപിയുടെ കണക്കുകളിലും വന്‍ നിയമലംഘനം’; അജയ് മാക്കന്‍
‘ബിജെപിയുടെ കണക്കുകളിലും വന്‍ നിയമലംഘനം’; അജയ് മാക്കന്‍

ഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ച സാഹചര്യത്തില്‍ ആദായനികുതി വകുപ്പിനും ബിജെപിക്കുമെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്. ബിജെപിയുടെ കണക്കുകളിലും നിയമലംഘനമുണ്ടെന്ന് വിവരങ്ങള്‍ നിരത്തി കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മനോവീര്യം തകര്‍ക്കാനാണ് ആദായനികുതി വകുപ്പിന്റെ ശ്രമമെന്നും എന്നാല്‍ പ്രചാരണ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസിന് പ്ലാന്‍ ബിയുണ്ടെന്നും അജയ് മാക്കന്‍ വ്യക്തമാക്കി. രാഷ്ട്രീയ പോരാട്ടം ശക്തമാക്കുമെന്നം സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

കഴിഞ്ഞ ഏഴ് വര്‍ഷമായി ബിജെപിക്ക് കിട്ടിയ സംഭാവനകളുടെ കണക്കില്‍ പ്രശ്‌നമുണ്ട്, നിയമലംഘനം വ്യക്തമാണ്, 2017ല്‍ കിട്ടിയ 42 കോടിയുടെ സംഭാവനയുടെ വിവരങ്ങള്‍ ബിജെപി ലഭ്യമാക്കിയിട്ടില്ല, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ബിജെപിക്ക് കിട്ടിയ സംഭാവനയുടെപൂര്‍ണവിവരങ്ങള്‍ ഇല്ല, സംഭാവന നല്‍കിയ 92 പേരുടെ വിവരങ്ങള്‍ ഇല്ല, എത്ര സംഭാവന കിട്ടിയെന്ന് വ്യക്തമാക്കുന്നില്ല, ബിജെപിയുടെ നിയമ ലംഘനം പകല്‍ പോലെ വ്യക്തമാണ്, കോണ്‍ഗ്രസിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാല്‍ ബിജെപി 4,600 കോടി രൂപ പിഴ നല്‍കണം, ബിജെപിയുടെ പിഴ ഈടാക്കാന്‍ കോടതിയെ സമീപിക്കുമെന്നും അജയ് മാക്കന്‍ പറഞ്ഞു.

സീതാറാം കേസരിയുടെ കാലം മുതലുള്ള കണക്കുകള്‍ ഉന്നയിച്ച് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണെന്നും നോട്ടീസ് നല്‍കി മനോവീര്യം തകര്‍ക്കാന്‍ നോക്കിയാലും തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി തുടരും, ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ ഭയപ്പെടേണ്ടി വരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അവധി കഴിഞ്ഞാല്‍ ഉടന്‍ ഹര്‍ജി നല്‍കും. പിഴയും പലിശയുമടക്കം കോണ്‍ഗ്രസ് അടക്കേണ്ടത് 1823.08 കോടി രൂപയാണ്. ഇത് പല വര്‍ഷങ്ങളിലായുള്ള കണക്കുകളാണ്. സീതാറാം കേസരിയുടെ കാലത്തെ പിഴ 53.9 കോടിയാണ്. 2016-17 ല്‍ 181.90 കോടി, 2017-18 ല്‍ 178. 73 കോടി, 2018-19 ല്‍ 918.45 കോടി, 2019 -20 ല്‍ 490.01 കോടി എന്നിങ്ങനെയാണ് കണക്ക്.

Top