വൻകൂവർ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ നാല് ഇന്ത്യൻ പൗരന്മാരുടെ വിചാരണ നാലാം തവണയും മാറ്റിവച്ചു. കാനഡ-ഇന്ത്യ ബന്ധം വഷളാക്കിയ കൊലപാതകക്കേസ് ഒക്ടോബർ ഒന്നിലേക്കാണ് മാറ്റിയത്. നാല് പ്രതികളും – അമൻദീപ് സിങ്, കരൺ ബ്രാർ, കമൽപ്രീത് സിങ്, കരൺപ്രീത് സിങ് – കോടതിയിൽ ഹാജരായിരുന്നു.
ക്രൗൺ പ്രോസിക്യൂട്ടർ ലൂയിസ് കെൻവർത്തിക്കൊപ്പം പ്രതിഭാഗം അഭിഭാഷകരും ഹാജരായി. വിചാരണ നീളുന്നതിൽ ബ്രിട്ടിഷ് കൊളംബിയ ഗുരുദ്വാര കൗൺസിൽ വക്താവ് മോനീന്ദർ സിങ് പ്രതിഷേധം അറിയിച്ചു. വിചാരണയിലെ കാലതാമസം നിജ്ജാറിൻ്റെ കുടുംബാംഗങ്ങളെ നിരാശപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
2023 ജൂണ് 18-ന് ബ്രിട്ടിഷ് കൊളംബിയ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് മുമ്പിൽ വെച്ചാണ് നിജ്ജാറിനെ അജ്ഞാതർ വെടിവെച്ച് കൊന്നത്. കാറിനുള്ളിൽ നിരവധി തവണ വെടിയേറ്റ് മരിച്ച നിലയിലാണ് നിജ്ജാറിനെ കണ്ടെത്തിയത്. ഇന്ത്യൻ സർക്കാർ പുറത്തുവിട്ട 40 ഭീകരരുടെ പട്ടികയിൽ 45 വയസുളള നിജ്ജാറും ഉൾപ്പെട്ടിരുന്നു.
നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജൻസികൾക്ക് ബന്ധമുണ്ടെന്ന് സെപ്റ്റംബറിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ വെളിപ്പെടുത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണമായി. എന്നാൽ, കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യൻ ഗവൺമെൻ്റ് ആവർത്തിച്ച് നിഷേധിച്ചു. ഇതോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.