തൃശ്ശൂർ: വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനം. ഗോത്രകലകൾ ഇനി സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരം. കിർത്താഡ്സ് ഡയറക്ടറിൽനിന്ന് തേടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദിവാസി നൃത്തരൂപങ്ങൾ മത്സരയിനങ്ങളാക്കി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയ നൃത്തം (കമ്പളകളി, വട്ടക്കളി), ഇരുള നൃത്തം (ആട്ടം പാട്ടം), പളിയനൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവയാണ് മത്സരയിനങ്ങളായി കലോത്സവ വേദികൾക്ക് പുതുചരിത്രമായി മാറുന്നത്.
ഈ വർഷം തന്നെ തീരുമാനം നടപ്പാക്കി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലങ്ങളിലാണ് ആദ്യ മത്സരങ്ങൾ നടക്കുന്നത്. എല്ലാവിഭാഗം കുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. കൊല്ലത്ത് നടന്ന കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ മംഗലംകളി പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു. കാസർകോട് ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികളാണ് അന്ന് നൃത്തം അവതരിപ്പിച്ച് സദസ്സിന്റെ കൈയടി നേടിയത്.
ആദിവാസി കലാരൂപങ്ങള്‍ കലോത്സവ ഇനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വൈകി എന്ന് ആരോപണങ്ങളുണ്ട്. പലയിടങ്ങളിലും സബ്ജില്ലാ കലോത്സവങ്ങളും നടന്നുവരുകയാണ്. പരിശീലനമുള്‍പ്പെടെ നടത്തി ഇനി എങ്ങനെ കുട്ടികളെ വേദിയിലെത്തിക്കുമെന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്. സ്‌കൂള്‍തല കലോത്സവം പൂര്‍ത്തിയായ വിദ്യാലയങ്ങള്‍ക്ക് ഈ ഇനങ്ങളില്‍ പ്രത്യേക മത്സരം നടത്തി സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.