മലപ്പുറം: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ ജനതയ്ക്ക് ഇംഗ്ലണ്ടിലെ ഫുട്ബോള്‍ മൈതാനത്ത് ആദരാഞ്ജലി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അധികൃതര്‍ 21 വയസില്‍ താഴെയുള്ള താരങ്ങള്‍ക്കായി നടത്തുന്ന ‘നെക്സ്റ്റ് ജനറേഷന്‍ കപ്പ്’ കളിക്കുന്ന മുത്തൂറ്റ് ഫുട്ബോള്‍ അക്കാദമിയിലെ കുട്ടികളാണ് കൈയില്‍ കറുത്ത ബാന്‍ഡ് ധരിച്ച് ആദരാഞ്ജലി അര്‍പ്പിച്ചത്. ആം ബാന്‍ഡ് ധരിച്ച് മുത്തൂറ്റ് കളിക്കാനിറങ്ങിയതിന്റെ കാരണം കമന്റേറ്റര്‍മാര്‍ വിശദീകരിച്ചു.
ബോഡിമൂര്‍ ട്രെയിനിങ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എവര്‍ട്ടന്‍ എഫ് സി മുത്തൂറ്റിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഞായറാഴ്ച വരെയാണ് നെക്സ്റ്റ് ജനറേഷന്‍ കപ്പ് മത്സരങ്ങള്‍ നടക്കുക. എട്ട് ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും. ആസ്റ്റന്‍ വില്ല, ക്രിസ്റ്റല്‍ പാലസ്, എവര്‍ട്ടന്‍, ടോട്ടനം ഹോട്സ്പര്‍ തുടങ്ങിയ ടീമുകള്‍ ഇംഗ്ലണ്ടില്‍ നിന്നും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ആഫ്രിക്കയില്‍ നിന്ന് സ്റ്റെല്ലന്‍ബോഷ് എഫ് സി മത്സരിക്കും. ഇന്ത്യയില്‍ നിന്ന് മുത്തൂറ്റിനൊപ്പം പഞ്ചാബ് എഫ് സി, ഈസ്റ്റ് ബംഗാള്‍ എഫ് സി എന്നീ ക്ലബുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
മുംബൈയില്‍ നടന്ന റിലൈന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്കാണ് ഇന്ത്യയില്‍ നിന്നും നെക്സ്റ്റ് ജനറേഷന്‍ കപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഇംഗ്ലീഷ് ക്ലബ് ആസ്റ്റന്‍ വില്ലയുടെ മൈതാനങ്ങളായ ബോഡിമൂര്‍ ട്രെയിനിങ് ഗ്രൗണ്ട്, ലഫ്ബറ യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.