CMDRF

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനായി 40 അംഗ പട്ടികയാണ് തൃണമൂല്‍ പ്രസിദ്ധീകരിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ക്രിക്കറ്റര്‍മാരായ യൂസഫ് പത്താന്‍, മനോജ് തിവാരി എന്നിവരാണ് പട്ടികയിലെ ശ്രദ്ധേയ മുഖങ്ങള്‍.

ക്രിക്കറ്റര്‍മാരെ ഇറക്കി ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ത്യന്‍ മുന്‍ ക്രിക്കറ്ററും ബെഹ്‌റാംപൂരിലെ സ്ഥാനാര്‍ഥിയുമായ യൂസഫ് പത്താനാണ് ഇവരിലൊരാള്‍. ടീം ഇന്ത്യയുടെ മാച്ച് വിന്നറായ യൂസഫ് തെരഞ്ഞെടുപ്പിന്റെ ക്രീസില്‍ വിജയിക്കുമോ എന്നതാണ് ആകാംക്ഷ. 2021 ല്‍ തൃണമൂലിലെത്തിയ മറ്റൊരു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മനോജ് തിവാരിയും പ്രചാരണത്തില്‍ സജീവമാകും. നിലവില്‍ ബംഗാളിലെ എംഎല്‍എയായ മനോജ് തിവാരി മൂന്നാം മമത സര്‍ക്കാരിലെ കായിക, യുവജനകാര്യ മന്ത്രി കൂടിയാണ്. മറ്റൊരു മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററായ കീര്‍ത്തി ആസാദും തൃണമൂല്‍ ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട് എങ്കിലും സ്റ്റാര്‍ ക്യാംപയിന്‍മാരുടെ പട്ടികയില്‍ പേരില്ല. ബര്‍ധമാന്‍-ദുര്‍ഘാപൂര്‍ മണ്ഡലത്തിലാണ് ആസാദ് മത്സരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ അഭിഷേക് ബാനര്‍ജി, സുബ്രതാ ബാക്ഷി, പാര്‍ട്ടി ലോക്‌സഭ നേതാവ് സുധീപ് ബദ്ധോപാധ്യായ്, സ്‌നേഹാശിഷ് ചക്രവര്‍ത്തി, കുണാല്‍ ഘോഷ്, സൗഗത റോയ്, കല്യാണ്‍ ബാനര്‍ജി, സമീര്‍ ചക്രവര്‍ത്തി തുടങ്ങിയവര്‍ 40 അംഗ താരപ്രചാരകരുടെ പട്ടികയിലുണ്ട്. ഇവരില്‍ മമതയും ബാക്ഷിയും ഒഴികെയുള്ളവരെല്ലാം സിറ്റിംഗ് എംപിമാരും ഈ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുമാണ്.

Top