തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടൽ ജാമ്യത്തിലിറങ്ങി

ബിർഭൂമിലെ തൃണമൂൽ പ്രസിഡന്‍റായിരുന്നു മൊണ്ടൽ. 2022 ആഗസ്റ്റിൽ അറസ്റ്റിലായതിനുശേഷം അദ്ദേഹത്തി​ന്‍റെ അഭാവത്തിൽ പുതിയ പ്രസിഡന്‍റിനെ പാർട്ടി നിയമിച്ചിട്ടില്ല.

തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടൽ ജാമ്യത്തിലിറങ്ങി
തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടൽ ജാമ്യത്തിലിറങ്ങി

കൊൽക്കത്ത: രണ്ടു വർഷത്തിലേറെയായി തീഹാർ ജയിലിൽ കഴിഞ്ഞിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടൽ ജാമ്യത്തിലിറങ്ങി. മമതയുടെ വിശ്വസ്തനായ അനുബ്രത മൊണ്ടൽ പശ്ചിമ ബംഗാളിൽ പശുക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റിലായത്. പാർട്ടിക്കും മുഖ്യമന്ത്രി മമത ബാനർജിക്കും ത​ന്‍റെ അചഞ്ചലമായ പിന്തുണ അദ്ദേഹം അറിയിച്ചു.

‘ഞാൻ ദീദിയോടൊപ്പമായിരുന്നു എപ്പോഴും. അവർക്കൊപ്പം തന്നെ ഇനിയും ഉണ്ടായിരിക്കും. ദീദിക്ക് ദുർഗാ പൂജാ ആശംസകൾ അറിയിക്കുന്നുവെന്നും’ മൊണ്ടൽ പറഞ്ഞു. എപ്പോൾ മുഖ്യമന്ത്രിയെ കാണുമെന്ന ചോദ്യത്തിന് തനിക്ക് നല്ല സുഖമില്ലെന്നും കാലിനും ഇടുപ്പിനും വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒരു യോഗത്തിൽ പ​ങ്കെടുക്കാനായി ബോൽപൂർ സന്ദർശിക്കാനും വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്താനും തിരിക്കുന്ന മമത അവരുടെ വിശ്വസ്തനായി കണക്കാക്കുന്ന ടി.എം.സി നേതാവിനെ കാണാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Also Read:അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്

ബിർഭൂമിലെ തൃണമൂൽ പ്രസിഡന്‍റായിരുന്നു മൊണ്ടൽ. 2022 ആഗസ്റ്റിൽ അറസ്റ്റിലായതിനുശേഷം അദ്ദേഹത്തി​ന്‍റെ അഭാവത്തിൽ പുതിയ പ്രസിഡന്‍റിനെ പാർട്ടി നിയമിച്ചിട്ടില്ല. പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് ഒരു കോർ ടീമിനെ രൂപീകരിച്ചിട്ടുണ്ട്. പാസ്‌പോർട്ട് സമർപ്പിക്കണമെന്നും സി.ബി.ഐയുമായി സഹകരിക്കണമെന്നുമുള്ള ഉപാധികളോടെ ഈ വർഷം ജൂലൈയിൽ സുപ്രിംകോടതി അനുബ്രത മൊണ്ഡലിന് ജാമ്യം അനുവദിച്ചിരുന്നു. എന്നിട്ടും പശുക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന സമാന്തര അന്വേഷണത്തെത്തുടർന്ന് അദ്ദേഹം തിഹാർ ജയിലിൽ തുടരുകയായിരുന്നു.

Top