CMDRF

ഡോക്ടര്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അരൂപ് ചക്രബര്‍ത്തി

ഡോക്ടര്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അരൂപ് ചക്രബര്‍ത്തി
ഡോക്ടര്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അരൂപ് ചക്രബര്‍ത്തി

‌കൊല്‍ക്കത്ത: കൊൽക്കത്ത ആർ ജി കാർ ആശുപത്രിയിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൽപ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അരൂപ് ചക്രബര്‍ത്തി. സമരത്തിന്റെ പേരുപറഞ്ഞ് നിങ്ങള്‍ക്ക് വീട്ടിലേക്കോ കാമുകനൊപ്പമോ പോകാം, പക്ഷെ ജനരോഷത്തില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ തങ്ങളുണ്ടാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബംഗാളിലെ ബങ്കുരയില്‍ നടന്ന പൊതുറാലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സമരത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് വീട്ടിലേക്കോ കാമുകനൊപ്പമോ പോകാം. പക്ഷേ നിങ്ങള്‍ കാരണം ഒരു രോഗി മരിക്കാനിടയായാല്‍ ജനരോഷം ഇരമ്പും. അപ്പോള്‍ നിങ്ങളെ രക്ഷിക്കാന്‍ ഞങ്ങളുണ്ടാകില്ല.’ -അരൂപ് പറഞ്ഞു.

ഈ മാസം ഒമ്പതിനാണ് കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ പി.ജി. ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ഇതിനിടെ, മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ 14-ന് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി. തുടര്‍ന്ന് അടിയന്തരചികിത്സകളൊഴികെ മറ്റെല്ലാ ചികിത്സകളും നിര്‍ത്തിവെച്ച് സമരം ചെയ്യാന്‍ ഐ.എം.എ. ആഹ്വാനം ചെയ്യുകയായിരുന്നു.

സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെ‍ഞ്ച് കേസ് ചെവ്വാഴ്ച്ച പരിഗണിക്കും. സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. വനിതാ ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ട സാഹചര്യത്തിൽ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.

Top